രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി വിവിധ തെയ്യങ്ങൾ അരങ്ങിലെത്തി
തൃക്കരിപ്പൂർ : രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി വ്യാഴാഴ്ച വിവിധ തെയ്യങ്ങൾ അരങ്ങിലെത്തി. വൈകിട്ട് നടന്ന സാഹിത്യ സമ്മേളനം ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. പി വി ബാബു ഒളവറ അധ്യക്ഷനായി. കെ വി രാഘവൻ, യു കെ രാജൻ, കെ രവീന്ദ്രൻ നടക്കാവ്, എ കുഞ്ഞിക്കണ്ണൻ, കെ മോഹനൻ എന്നിവർ സംസാരിച്ചു. സി സജിത് സ്വാഗതവും പി വി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് കുഞ്ഞുമംഗലം ശിവരഞ്ജിനി ഭജൻസിന്റെ സംഗീതാർച്ചന അരങ്ങേറി. വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തി. വെള്ളി
വൈകീട്ട് കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രം, തായിനേരി പൂമാല ഭഗവതി ക്ഷേത്രം, കുറിഞ്ഞി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും കലവറ ഘോഷയാത്ര കഴകത്തിൽ എത്തും. പകൽ മൂന്നിന് കവിയരങ്ങ് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. വീരാൻകുട്ടി, മാധവൻ പുറച്ചേരി, സി എം വിനയചന്ദ്രൻ, സിജിത അനിൽ കോട്ടയം എന്നിവർ പങ്കെടുക്കും. വൈകീട്ട് ആറിന് സാംസ്ക്കാരിക സമ്മേളനം വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.രാവിലെ അഞ്ച് മുതൽ അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, എരിഞ്ഞിക്കീൽ ഭഗവതി,മേച്ചേരി ചാമുണ്ഡി, ഉച്ചൂളി കടവത്ത് ഭഗവതി, ഒമ്പത് മുതൽ പൂമാരുതൻ ദൈവം, വിഷ്ണുമൂർത്തി, പകൽ 3.30 മുതൽ ഉച്ചത്തോറ്റം. ഏഴിന് പൂമാരുതൻ ദൈവം, ചെമ്പിലോട്ട് ദൈവം, പുക്കന്നത്ത് വൈരജാതൻ ദൈവം എന്നിവയുടെ വെള്ളാട്ടം, 9.30 ന് അന്തിത്തോറ്റം, രാത്രി 11 മുതൽ 12 വരെ തോറ്റങ്ങൾ. നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ മൂന്നാം പെരുങ്കളിയാട്ട ദിനത്തിൽ വിവിധ തെയ്യങ്ങൾ അരങ്ങിലെത്തി. പെരുങ്കളിയാട്ടത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ പുലിയൂർ കണ്ണൻ ദൈവത്തിന്റെ എഴുന്നള്ളത്ത് രാത്രി വൈകി വള്ളിക്കുന്നിലെ കാവിലേക്ക് നടന്നു. ചെറളത്ത് ഭഗവതി, രക്തചാമുണ്ഡി, പുലിയൂർ കാളി, പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, കാലിച്ചാൻ, പുലിയൂർ കണ്ണൻ വെള്ളാട്ടം, പുതിയ ഭഗവതി തുടങ്ങിയ തെയ്യങ്ങളും അരങ്ങിലെത്തി. ക്ഷേത്രത്തിലെത്തിയ മുഴുവൻ പേർക്കും രണ്ട് നേരങ്ങളിലായി അന്നദാനവും നടന്നു.പെരുങ്കളിയാട്ടത്തിൽ ഇന്ന്പകൽ 3 -- കേണമംഗലം ഭഗവതിയുടെ ഉച്ചത്തോറ്റം, രാത്രി 7 -- പുല്ലൂർ കണ്ണൻ, കാലിച്ചാൻ ദൈവം വെള്ളാട്ടം. രാത്രി 9 സന്ധ്യവേല,കേണമംഗലം ഭഗവതിയുടെ അന്തിത്തോറ്റം, രാത്രി 11 ചെറളത്ത് ഭഗവതി, പുല്ലൂർകാളി, പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി തോറ്റങ്ങൾ. വൈകിട്ട് 6 സാംസ്കാരിക സമ്മേളനം.
No comments