Breaking News

തീപിടിത്തം വ്യാപകം ;
 ഓടിത്തളർന്ന് അഗ്നിരക്ഷാസേന മലയോരത്ത് അഗ്നിരക്ഷാനിലയം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം


കാഞ്ഞങ്ങാട് : വേനൽച്ചൂട് വർധിച്ചതോടെ തീപിടുത്തവും വ്യാപകമാകുന്നു. കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയത്തിന്റെ പരിധിയിൽ ഇപ്പോൾ തീപിടുത്തങ്ങളില്ലാത്ത ദിവസങ്ങളില്ല. ഒരു ദിവസം മാത്രം അഞ്ചിടങ്ങളിൽ ചെറുതും വലുതുമായ തീപിടുത്തങ്ങളുണ്ടായി. ചില ദിവസങ്ങളിൽ പല സ്ഥലങ്ങളിൽ ഏകദേശം ഒരേ സമയത്ത് തീപിടുത്തമുണ്ടാകുന്നു. സ്വാഭാവിക തീപിടുത്തങ്ങൾക്കുപുറമെ അശ്രദ്ധകൊണ്ടും ബോധപൂർവമായ ചെയ്തി കൊണ്ടും ഇത്തരം സംഭവങ്ങളുണ്ടാകുന്നു. ഞായറാഴ്ചകളിലും മറ്റ് പൊതുഅവധി ദിവസങ്ങളിലുമാണ് കൂടുതൽ തീപിടുത്തങ്ങളുണ്ടാകുന്നതെന്ന് അഗ്നിരക്ഷാ സേന പറയുന്നു. ഈ ദിവസങ്ങളിലാണ് കാടുമൂടിയ പ്രദേശങ്ങളിൽ തീവയ്ക്കുന്നത്. കൊടും വെയിലിനിടെ തീ വയ്ക്കുമ്പോൾ കാറ്റിൽ ആളിപ്പടരുകയും വലിയ നാശനഷ്ടം ഉണ്ടാവുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം പകൽ പെരിയ കാലിയടുക്കത്ത് ആരോ പാറപ്പുറത്ത് തീയിട്ടതോടെ സമീപപ്രദേശത്തേക്ക് തീ ആളിപ്പടുകയായിരുന്നു. നിരവധി കശുമാവിൻതൈകളാണ് ത്തിനശിച്ചത്. സമീപത്തെ വീട്ടിലേക്ക് വരെ തീ പടരുന്ന സാഹചര്യമുണ്ടായി. അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകൾ സമയമെടുത്ത് വളരെ പാടുപെട്ടാണ് തീയണച്ചത്. മടിക്കൈ എരിക്കുളത്തുണ്ടായ തീപിടുത്തത്തിൽ പെട്ടിക്കട കത്തിനശിക്കുകയും ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം സംഭവിക്കാതിരുന്നത്. മാവുങ്കാൽ മഞ്ഞംപൊതിക്കുന്നിലുണ്ടായ തീപിടുത്തവും ഏറെ ആശങ്കയുയർത്തിയി. ഒരാഴ്ചക്കിടെ മൂന്നുതവണയാണ് ഇവിടെ തീപിടുത്തമുണ്ടായത്. പ്രദേശത്തെ കെഎസ്ഇബി വൈദ്യുതി സെക്ഷൻ ഓഫീസിലേക്കും ട്രാൻസ്ഫോർമറിലേക്കും തീ പടർന്നിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന എരിയുന്ന ബീഡിക്കുറ്റികളും സിഗരറ്റ് കുറ്റികളും തീപടരാൻ കാരണമാകുന്നുണ്ട്. ദുർഘടമായ സ്ഥലങ്ങളിൽ തീ പിടുത്തമുണ്ടാകുമ്പോൾ അവിടങ്ങളിലേക്ക് അഗ്നിരക്ഷാ സേനയുടെ വലിയ വാഹനങ്ങൾക്ക് പോകാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം സ്ഥലങ്ങളിൽ മറ്റ് വണ്ടികളിൽ വെള്ളമെത്തിച്ചും നാട്ടുകാരുടെ സഹായത്തോടെയുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതിന് ഏറെ സമയം വേണ്ടിവരുന്നു. വൻ തീപിടുത്തങ്ങളെ പോലും നേരിടാനുള്ള സജ്ജീകരണം കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയ്ക്കുണ്ട്. എന്നാൽ കെട്ടിടസൗകര്യം പരിമിതമാണ്. സ്റ്റേഷനിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

മലയോരത്ത് അഗ്നിരക്ഷാനിലയം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും കാര്യമായ നടപടികൾ ഒന്നും എടുത്തിട്ടില്ല.വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ അഗ്നിരക്ഷാനിലയം സ്ഥാപിച്ചാൽ മലയോരമേഖലയിൽ തീമൂലമോ മറ്റു അപകടങ്ങളോ ഉണ്ടായാൽ പെട്ടന്ന് തന്നെ  രക്ഷാപ്രവർത്തനവുമായി അഗ്നിരക്ഷാസേനക്ക് എത്താൻ പറ്റും.എന്നാൽ ഇപ്പോൾ എന്തെങ്കിലും അപകടമുണ്ടായാൽ പെരിങ്ങോം ,കാഞ്ഞങ്ങാട് ,കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിരക്ഷാസേന എത്താറുള്ളത് ഈ സമയത്തിനുള്ളിൽ കാര്യമായി നാശനഷ്ടം ഉണ്ടാകുന്നു .അതിനാൽ വെള്ളരിക്കുണ്ടിൽ അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം   

No comments