കാസർകോട് നഗരത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
കാസർകോട: കാസർകോട് നഗരത്തിലെ ആനവാതുക്കലിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പശ്ചിമബംഗാൾ ബേംടിയ, ബർഗാരിയ സ്വദേശി സഞ്ജയ് റോയ് (30)യെ ആണ് കാസർകോട് ടൗൺ പൊലീസ് ഇൻസ്പെക്ടർ പി. നളിനാക്ഷനും സംഘവും പിടികൂടിയത്. കൊല്ലപ്പെട്ട സുശാന്ത റോയിയുടെ അടുത്ത ബന്ധുവാണ് അറസ്റ്റിലായ പ്രതി. കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇവരടക്കമുള്ള പന്ത്രണ്ടംഗ സംഘം നാലുമാസം മുമ്പാണ് കാസർകോട്ട് എത്തിയത്. ആനവാതുക്കലിൽ നിർമ്മാണത്തിലുള്ള കെട്ടിടത്തിനു സമീപത്തെ ഷെഡ്ഡിലാണ് ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി വൈകി മദ്യലഹരിയിൽ ഉണ്ടായ വാക്കു തർക്കത്തിനിടയിൽ ഏതോ വസ്തു ഉപയോഗിച്ച് സുശാന്ത റോയിയുടെ തലയുടെ പിൻഭാഗത്ത് അടിച്ചതാണ് മരണകാരണമായതെന്നാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്. സുശാന്ത റോയ് മരിച്ചതോടെ സഞ്ജയ് റോയ് അടക്കമുള്ളവർ കാസർകോടു നിന്നു രക്ഷപ്പെട്ടുവെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ഒറ്റപ്പാലത്ത് വച്ച് പിടികൂടിയിരുന്നു. ഇവരടക്കം 14 പേരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് സഞ്ജയ് റോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
No comments