കുമ്പള ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു ; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
കാസർകോട്: കുമ്പള ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഷിറിയ, ബത്തേരി മഹലിലെ മൂസഖലീലിന്റെ സ്വിഫ്റ്റ് കാറാണ് കത്തിനശിച്ചത്. ബന്തിയോട് ഭാഗത്തു നിന്നു കുമ്പള ടൗണിലേക്ക് വരികയായിരുന്നു ഇദ്ദേഹം. കുമ്പള ടൗണിനു സമീപത്തു എത്തിയപ്പോൾ കാറിന്റെ മുൻഭാഗത്തു നിന്നും തീ ആളിപ്പടരുകയായിരുന്നുവെന്നു പറയുന്നു. മൂസ ഖലിൽ ഉടൻ കാർ നിർത്തി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഉപ്പള ഫയർസ്റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ റഫീഖിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നു. അഞ്ചു ദിവസത്തിനുള്ളിൽ ജില്ലയിൽ സമാനമായ രീതിയിൽ ഉണ്ടായ രണ്ടാമത്തെ അപകടമാണ് കുമ്പളയിലേത്. മെയ് 23ന് ചെർക്കള, ബേവിഞ്ച, കുന്നിൽ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ന്യൂ മുംബൈയിൽ നിന്ന് കണ്ണൂർ കണ്ണപുരത്തേക്ക് സിഎൻജി കാറിൽ പോവുകയായിരുന്നു കുടുംബം. അന്നും കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
No comments