മലയോരത്തെ വന്യമൃഗശല്യം ; ആഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ടിൽ അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹം
വെള്ളരിക്കുണ്ട്: വന്യമൃഗശല്യത്തിന് ശാശ്വതവും ശാസ്ത്രീയവുമായ പരിഹാര നടപടികൾ ആവശ്യപ്പെട്ട് വെള്ളരിക്കുണ്ടു് കേന്ദ്രീകരിച്ച് പ്രഖ്യാപിക്കപ്പെട്ടിരുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹം സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന് ആരംഭിക്കും. കനത്ത മഴയുടെ ദിനങ്ങളായിട്ടും വെള്ളരിക്കുണ്ടിൽ 27 ന് വൈകിട്ട് നാലു മണി മുതൽ തുടർന്നു വന്ന 48 മണിക്കൂർ ഉപവാസ സത്യാഗ്രഹത്തിൻ്റെ സമാപന സമ്മേളനത്തിൽ വച്ചാണ് അനിശ്ചിതകാല സമരമാരംഭിക്കുന്നതിൻ്റെ തിയതി പ്രഖ്യാപിക്കപ്പെട്ടത്. 48 മണിക്കൂർ ഉപവാസമനുഷ്ഠിച്ച ബേബി ചെമ്പരത്തി, പി.സി. രഘുനാഥൻ ജിമ്മി ഇടപ്പാടി, അനുഭാവ സത്യാഗ്രഹമനുഷ്ഠിച്ച രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി. ബിജു, ഏകാതാ പരിഷത്ത് സംസ്ഥാന സെക്രട്ടറി രമേഷ് മേത്തല എന്നിവർക്ക് കല്ലൻചിറ ജുമാമസ്ജിദ് ഇമാം മുഹമ്മദ് ഷെരീഫ് അസ്നവി നാരാങ്ങനീര് നൽകി ഉപവാസമവസാനിപ്പിച്ചു. സമാപന സമ്മേളനത്തിൽ കിസാൻ മസ്ദൂർ മോർച്ച സൗത്ത് ഇന്ത്യാ കോർഡിനേറ്റർ പി.റ്റി. ജോൺ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിലെമ്പാടും ഭരണ സംവിധാനത്തിനു മേൽ കോർപ്പറേറ്റ് ഭീകരത പിടി മുറുക്കിയിരിക്കുന്നു എന്നും കർഷകരും ആദിവാസികളും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഇരകളാക്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. തുടർന്നുകൊണ്ടിരിക്കുന്ന കർഷക വഞ്ചനക്കെതിരെ സർവ്വശക്തിയുമുപയോഗിച്ച് പൊരുതുകയല്ലാതെ വേറെ വഴികളില്ലെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച കെ.വി. ബിജു ഓർമ്മപ്പെടുത്തി. മലവേട്ടുവ മഹാസഭ നേതാക്കളായ ശങ്കരൻ കുണ്ടമാണി കുഞ്ഞിരാമൻ കടുമേനി ഇൻഫാം ജില്ലാ പ്രസിഡൻ്റ് ഗിരി മാത്യു തുടങ്ങിയവരും സമാപന സമ്മേളനത്തിൽ പ്രസംഗിച്ചു. കനത്ത മഴ മൂലമുള്ള യാത്രാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സമാപന സമ്മേളനത്തിൽ പങ്കെടുക്കാമെന്നേറ്റിരുന്ന കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ സ്വതന്ത്ര കർഷക സംഘടനാനേതാക്കാൾക്ക് എത്തിച്ചേരാനായില്ല. കർണാടകയിലെ കർഷക നേതാവു് ചുക്കിനഞ്ചുണ്ട സ്വാമിയോടും തമിഴ്നാട്ടിലെ കർഷക നേതാവ് പി. ആർ. പാണ്ഡ്യനോടും സംഘാടകർ തന്നെ മഴയുടെ പശ്ചാത്തലത്തിൽ വരേണ്ടതില്ലെന്ന് അറിയിച്ചിരുന്നു.
48 മണിക്കൂർ ഉപവാസപരിപാടി വഴി അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിന് വിവിധ രാഷ്ട്രീയ കക്ഷികളുടെ കർഷക സംഘടനകളുടെയും, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വിവിധ സ്വതന്ത്ര കർഷക സംഘടനകളുടെയും എൻ. എസ്.എസിൻ്റെയും കത്തോലിക്ക സഭാ നേതൃത്വത്തിൻ്റെയും എസ് .എൻ . ഡി.പി യുടെയും വിവിധ ഗോത്ര സംഘടനകളുടെയും പിന്തുണ പ്രഖ്യാപിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. 48 മണിക്കൂർ സത്യാഗ്ര ഹത്തിന് അഭിവാദ്യമർപ്പിക്കാൻ ബളാൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പ്രസിഡൻ്റ് രാജു കട്ടക്കയത്തിൻ്റെയും വൈസ് പ്രസിഡൻ്റ് എം രാധാമണിയുടെയും നേതൃത്വത്തിൽ എത്തി. അതുപോലെ തന്നെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരുമെത്തിയതിനു പുറമെ വെള്ളരിക്കുണ്ട് ഫെറോന ചർച്ചിലെ മിഷൻ ലീഗ് പ്രവർത്തകരും, കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബ് പ്രവർത്തകരും, മാലോം മേഖല മാതൃവേദി പ്രവർത്തകരും, കേരള കോൺഗ്രസ്സ് പ്രവർത്തകരും കൂട്ടമായെത്തി. അട്ടക്കാട് സംഘമിത്ര സ്വാശ്രയസംഘാംഗങ്ങൾ വെള്ളരിക്കുണ്ട് ടൗണിൽ പ്രകടനം നടത്തിയാണ് സത്യാഗ്രഹപന്തലിലെത്തി അഭിവാദ്യമർപ്പിച്ചത്.
ആഗസ്റ്റ് 15 ന് വെള്ളരിക്കുണ്ടിൽ ആരംഭിക്കുന്നത് അനിശ്ചിതകാല സായാഹ്ന സത്യാഗ്രഹമാണ്. പടിപടിയായി തീവ്രമായ സത്യാഗ്രഹ രൂപങ്ങളിലേക്ക് സമരം വികസിപ്പിക്കുമെന്നാണ് സമാപന സമ്മേളനത്തിൽ വ്യക്തമാക്കപ്പെട്ടത്. കൂടാതെ ആഗസ്റ്റ് 15 ന് വെള്ളരിക്കുണ്ടിൽ അനിശ്ചിതകാല സത്യാഗ്രഹമാരം ഭിക്കുമ്പോൾ അന്നേ ദിവസം കേരളത്തിൻ്റെ എല്ലാ ജില്ലകളിലും അനുഭാവ സത്യാഗ്രഹങ്ങൾ നടക്കും. ആ നിലക്ക് സംസ്ഥാനവ്യാപകമായി സത്യാഗ്രഹത്തിൻ്റെ അലയൊലികളുയർത്താൻ എല്ലാ ജില്ലകളിലും സ്വതന്ത്രകർഷക സംഘടനകളുടെയും സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളുടെയും യോഗങ്ങൾ ജൂൺ മാസത്തിൽ വിളിച്ചു ചേർക്കും . ആദ്യയോഗം കോട്ടയത്ത് ജൂൺ 6 ന് നടക്കും. ജൂലൈ മാസത്തിൽ എല്ലാ ജില്ലകളിലും കർഷകസ്വരാജ് സത്യാഗ്രഹ ഐക്യദാർഡ്യ കൺവൻഷനുകളും സംഘടിപ്പിക്കും. ക്വിറ്റിന്ത്യാദിനവും അന്താരാഷ്ട്ര ആദിവാസി ദിനവുമായ ഓഗസ്റ്റ് 9 ന് കേരളത്തിലെ കഴിയുന്നത്ര സ്ഥലങ്ങളിൽ സമര പതാക ഉയർത്തി ആഗസ്റ്റ് 15 ന് ആരംഭിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിൻ്റെ വിളംബരം നടത്തുമെന്നും കർഷകസ്വരാജ് സത്യാഗ്രഹ സമിതി ചെയർമാൻ സമാപന സമ്മേളനത്തിൽ വ്യക്തമാക്കി.
No comments