ഡോ.ഹരിദാസിന്റെ അന്ത്യ നിദ്ര കർമ്മ മണ്ഡലമായ നീലേശ്വരം ചിറപ്പുറത്ത്
നീലേശ്വരം: തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച പ്രശസ്ത വിഷ ചികിത്സാ വിദഗ്ധൻ ഡോ. ഹരിദാസ് വെർക്കോട്ടിന്റെ അന്ത്യ നിദ്ര തന്റെ കർമ്മമണ്ഡലമായ ചിറപ്പുറത്ത് ചൊവ്വാഴ്ച രാവിലെ 9:30 യോടു കൂടി ഡോക്ടർ ഹരിദാസിന്റെ മൃതദേഹം ചിറപ്പുറത്തെ വീട്ടിൽ എത്തിക്കും . പൊതുദർശനത്തിന് വെച്ചശേഷം ആലിൻ കീഴിലെ നഗര സഭ വാതക ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും.
വിഷദംശനമേറ്റ് കണ്ണിൽ മരണം ഇരുട്ടുകൊണ്ട് മാർക്കിട്ട 25000 പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച മറുമരുന്നിന്റെ പേരാണ് നീലേശ്വരത്തിന് ഡോ. ഹരിദാസ് വെർകോട്ട്. അതിൽ മരണത്തിനു കീഴടങ്ങിയ ഏഴുപേർ ആ കൈകളിൽ എത്തും മുമ്പേ ജീവൻ പൊലിഞ്ഞവരായിരുന്നു. വായിക്കുമ്പോൾ ഒരു നാട്ടുവൈദ്യൻ എന്നോ ആയുർവേദ ഡോക്ടർ എന്നോ തോന്നും. അല്ല, ഇത് എം.ബി.ബി.എസ് കഴിഞ്ഞ ഡോക്ടർ തന്നെയാണ്.
കാസർകോട് ജില്ലയിൽ നിയമിതരാകുന്ന അന്യ ജില്ല എം.ബി.ബി.എസുകാർ അവധിയെടുത്തും ഡെപ്യൂട്ടേഷൻ സംഘടിപ്പിച്ചും, വന്നതിനേക്കാൾ വേഗത്തിൽ നാട്ടിലേക്ക് കുതിക്കുമ്പോൾ ഇവിടെ ഒരു പാലക്കാട് കോങ്ങാട്ടുകാരൻ ഡോക്ടർ ഗ്രാമ, ഗ്രാമാന്തരങ്ങളിൽ പാവങ്ങളുടെ പ്രാണനുവേണ്ടി ജീവിച്ചുതീർത്തത് അഞ്ച് പതിറ്റാണ്ടിനോടടുത്ത്.
സർക്കാർ ബഹുമതികൾ വാങ്ങിക്കൂട്ടി മേനിനടിക്കുന്ന ചികിത്സകർക്ക് മുന്നിൽ ആയിരങ്ങളുടെ പ്രാണൻ രക്ഷിച്ച ഓർമകളുടെ ശിലാഫലകത്തിന്റെ പുരസ്കാരവുമായി നിറഞ്ഞു ജീവിക്കുകയാണ് ഹരിദാസ് വെർകോട്. പഠനം കഴിഞ്ഞ് വയനാട്ടിൽ നിയമനം ലഭിച്ചപ്പോൾ ആദ്യം നേരിടേണ്ടിവന്നത് പാമ്പു കടിയേറ്റയാളെയായിരുന്നു.
വയനാടിന്റെ പ്രത്യേക സാഹചര്യത്തിൽ വിഷബാധയേറ്റ്എണ്ണം കൂടി. കോഴിക്കോട്ടുനിന്ന് ജോലിയില്‍ പ്രവേശിക്കാന്‍ വരുമ്പോള്‍ വാങ്ങിയിരുന്ന 'ആന്റി സ്‌നേക്ക് വെനം' കൈവശമുണ്ടായിരുന്നതിനാല്‍ രോഗിയെ രക്ഷിക്കാന്‍ കഴിഞ്ഞു. 11 രൂപയായിരുന്നു മരുന്നിന് അന്ന് വില.
തുടർന്ന് അലോപ്പതിക്കൊപ്പം ഈ മേഖലയിൽ പ്രത്യേക പഠനം തുടങ്ങി. അദ്ദേഹത്തെ അന്വേഷിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകളെത്തി. ബി.ബി.സി സംഘം ഡോക്യുമെന്ററി ഒരുക്കി. ജില്ലയിൽ മടിക്കൈ സര്‍ക്കാര്‍ ഗ്രാമീണ ഡിസ്പെന്‍സറിയിലായിരുന്നു ആദ്യ നിയമനം. സർക്കാർ സർവിസിൽ നിന്നും വിരമിച്ച ശേഷം ചിറപ്പുറത്ത് സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു.
ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ക്ലിനിക്കല്‍ മെഡിസിന്‍ തലവന്‍ പ്രഫ. ഡേവിഡ് വാറനും ഡോക്ടര്‍ ഹരിദാസ് വെര്‍ക്കോട്ടിനും 2005 ഫെബ്രുവരിയില്‍ മംഗളൂരു ഒമേഗ ആശുപത്രിയില്‍ സ്വീകരണം നൽകിയിരുന്നു. ലോക പ്രശസ്ത പാമ്പുവളര്‍ത്തല്‍ വിദഗ്ധൻ റോമിലസ് വിറ്റാര്‍ക്കര്‍ ഡോക്ടറെ കാണാന്‍ നീലേശ്വരത്ത് വന്നിരുന്നു.
മുംബൈ, ചെന്നൈ, ശിമൊഗ്ഗ, മംഗളൂരു, സുള്ള്യ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുപോലും രോഗികള്‍ ഡോക്ടറെ തേടിയെത്താറുണ്ടായിരുന്നു..
No comments