ജില്ലയിലെ വനപ്രദേശങ്ങളിൽ ഒന്നാം തീയതി മുതൽ ഉണ്ടയെറിയും വെറും ഉണ്ടയല്ല വിത്തുണ്ട
കാസർകോട് : ജില്ലയിലെ വനപ്രദേശങ്ങളിൽ ഒന്നാംതീയതി മുതൽ ഉണ്ടയെറിയും. വെറും ഉണ്ടയല്ല. വിത്തുണ്ട. ഭക്ഷണം തേടി വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ വനങ്ങളിൽ കൂടുതൽ ഫലവൃക്ഷങ്ങളും സ്വഭാവിക മരങ്ങളും എന്ന ആശയവുമായാണ് വിത്തുണ്ടകൾ എറിയുന്ന വനം വന്യജീവി വകുപ്പിന്റെ 'വിത്തൂട്ട്' എന്ന ആശയം. മനുഷ്യ--വന്യജീവി സംഘർഷം കുറക്കാൻ കൂടുതൽ
സ്വാഭാവികവനമുണ്ടാക്കാനുള്ള പദ്ധതിയാണ് ജില്ലയിലെ വനസംരക്ഷണ കേന്ദ്രങ്ങളിലും വനാതിർത്തി ഗ്രാമങ്ങളിലും നടപ്പാക്കുന്നത്. സംസ്ഥാന വനം വകുപ്പും പീച്ചി വനഗവേഷണ കേന്ദ്രവുമാണ് ആശയം നടപ്പാക്കുന്നത്. ജില്ലയിൽ കാസർകോട്, കാഞ്ഞങ്ങാട് റേഞ്ചുകളിലായി ഒരുലക്ഷം വിത്തുകൾ ഇതുവഴി മുളപ്പിക്കാനാണ് ലക്ഷ്യമെന്ന് ഡിഎഫ്ഒ കെ അഷ്റഫ് പറഞ്ഞു. പുനാർ പുളി, ഞാവൽ, മാങ്ങ, പ്ലാവ് എന്നിങ്ങനെ മുപ്പത് ഇനം വിത്തുകൾ വിത്തുണ്ടായി ശേഖരിച്ചു. കാട്ടുതീ ബാധിത പ്രദേശങ്ങൾ, പുൽമേടുകൾ, അക്കേഷ്യ, യൂക്കാലിപ്റ്റ്സ് എന്നിവ മുറിച്ചുമാറ്റിയ ഇടങ്ങൾ എന്നിവിടങ്ങളിലേക്കാണ് വിത്തുണ്ട എറിയുക. അതത് പ്രദേശത്തിന് അനുയോജ്യമായ മരങ്ങളുടെ വിത്തുകളാണ് ഉണ്ടയിലുണ്ടാവുക. അതാത് പ്രദേശത്ത് നേരത്തെ ഉണ്ടായിരുന്ന വിത്തുകൾക്കാണ് പ്രഥമ പരിഗണന. തകർന്നതോ ദുർബലമായി മാറിയതോ ആയ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. തൊഴിലുറപ്പ് തൊഴിലാളികളെയും ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. കോളജുകൾ, സ്കൂളുകൾ, വായനശാലകൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിവയെ ഏകോപിപ്പിച്ചാണ് പദ്ധതി.
No comments