Breaking News

ചെറിയൊരു കൈയബദ്ധം; മോഷ്ടിക്കാൻ കയറിയ വീട്ടിൽ സ്വന്തം മൊബൈൽ ഫോൺ മറന്നുവെച്ച് മറ്റൊരു ഫോണെടുത്തു, കള്ളൻ പിടിയിൽ


തൃശൂര്‍: മോഷ്ടിക്കാന്‍ കയറിയ വീടിനകത്ത് മൊബൈല്‍ ഫോണ്‍ മറന്നുവച്ച മോഷ്ടാവിനെ അതേ ഫോൺ പിന്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനെയാണ് (37) ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയപ്പോഴാണ് ജോമോന് അബദ്ധം പിണഞ്ഞത്. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെ തൃശ്ശൂർ നോര്‍ത്ത് ചാലക്കുടി ചെങ്ങിനിമറ്റം ബാബുവിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവ് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് പെട്ടെന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ തിടുക്കത്തിൽ സ്വന്തം മൊബൈൽ ഫോണിന് പകരം വീട്ടുകാരിലൊരാളുടെ ഫോണാണ് എടുത്തുകൊണ്ട് ഓടിയത്. 

വീട്ടില്‍നിന്നും ലഭിച്ച മോഷ്ടാവിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് പിന്നീട് പൊലീസ് പ്രതിയെ പിടിച്ചത്. 2010ല്‍ ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ മോഷണ കേസുണ്ട്. കൂടാതെ മാള, നെടുമ്പാശേരി, ചെങ്ങമനാട്, കളമശേരി എന്നീ പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള മോഷണ കേസുകളിൽ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറ‌ഞ്ഞു.

No comments