Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ ആയുഷ് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം


കരിന്തളം:കേരളത്തിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളുടെ ക്വാളിറ്റി  അക്രെഡിറ്റേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും  തിരഞ്ഞെടുക്കപ്പെട്ട 100 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക്  കൂടി NABH എൻട്രി ലെവൽ അംഗീകാരം ലഭ്യമായിരിക്കുകയാണ്. 

നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ കേരളത്തിലെ മൊത്തം 700 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും NABH നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളെ പല ഘട്ടങ്ങളായി വിഭജിക്കുകയും ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട  150  സ്ഥാപനങ്ങൾ 2023 ഡിസംബറിൽ NABH എൻട്രി ലെവൽ അംഗീകാരം കൈവരിക്കുകയും ചെയ്തു.  ഇതിന്റെ തുടർച്ചയായി രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 100 സ്ഥാപനങ്ങൾക്കു കൂടി NABH  എൻട്രി ലെവൽ അംഗീകാരം ലഭ്യമായിരിക്കുകയാണ്. 

ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച NABH നടപ്പിലാക്കൽ പദ്ധതി, സമയ ബന്ധിതമായി പൂർത്തീകരിച്ച്   കേരളത്തിലെ 250 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് കൂടി അംഗീകാരം നേടാനായത് ആയുഷ് മേഖലയിൽ തന്നെ ഒരു നാഴികക്കല്ലാണ്.

ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദന്ധങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമാകുന്നത്.

NABH എൻട്രി ലെവൽ സർട്ടിഫിക്കേഷൻ നേടുന്നതിനായി സംസ്ഥാന, ജില്ലാ തലത്തിൽ സമയബന്ധിതമായ കർമ്മ പദ്ധതിയാണ് ആവിഷ്കരിച്ചത് . ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും ക്വാളിറ്റി ടീമുകൾ രൂപീകരിക്കുകയും NABH ന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല നോഡൽ ഓഫീസർമാർ, ഫെസിലിറ്റേറ്റർമാർ എന്നിവരെ തിരഞ്ഞെടുക്കുകയും കൂടാതെ LSGD അംഗങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർ, നോഡൽ ഓഫീസർമാർ, ഫെസിലിറ്റേറ്റർമാർ ,അസ്സസ്സർമാർ ഉൾപ്പെടയുള്ള ജില്ലാ ക്വാളിറ്റി ടീമുകൾക്കും ബന്ധപ്പെട്ട ജീവനക്കാർക്കും NABH അംഗീകാരം സംബന്ധിച്ച് സംസ്ഥാന,ജില്ലാതല പരിശീലനം നൽകുകയുമുണ്ടായി. 

സംസ്ഥാന മൂല്യനിർണയ മാനേജ്മെൻറ് കമ്മിറ്റി, NABH അസ്സെസ്സ്മെന്റ് ചെക്ക്ലിസ്റ്റ് ഉപയോഗിച്ച് വിലയിരുത്തലുകൾ നടത്തുകയും ബയോമെഡിക്കൽ എക്യുപ്പ്മെന്റുകളുടെ ലഭ്യത അടക്കമുള്ള ന്യൂനതകൾ പരിഹരിച്ച് നടപടികൾ സ്വീകരിക്കുകയും ചെയ്തു. ആവശ്യമായ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി ഒരു ഡോക്യുമെന്റേഷൻ ടീമിനെയും രൂപീകരിച്ചു.പരിശീലനം ലഭിച്ചതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അസ്സസ്സർമാർ വിവിധ ഘട്ടങ്ങളിലായി സ്ഥാപനങ്ങളുടെ ഗുണ നിലവാരം വിലയിരുത്തി നൽകിയ റിപ്പോർട്ടുകൾ സമാഹരിക്കുകയും അതിനനുസരിച്ച് , സമയ ബന്ധിതമായി സംസ്ഥാന,ജില്ലാ തലത്തിൽ നടത്തിയ പദ്ധതികൾ മൂലമാണ് രണ്ടാം  ഘട്ട NABH പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചത്. 


കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ രണ്ട് സ്ഥാപനങ്ങൾക്കാണ് NABH എൻട്രി ലെവൽ സെർട്ടിഫിക്കേഷൻ ലഭിച്ചത്. കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറി, പരപ്പ ഗവ. ആയുർവേദ ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങൾക്കാണ് ദേശീയ അംഗീകാരം ലഭിച്ചത്. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരള ആരോഗ്യ, ആയുഷ് ,വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ കെ വി, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. മനോജ് തോമസ്, പരപ്പ ഗവ. ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ  ഡോ. ഉഷ സി , കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സുമേഷ് സി എസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി.


കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൻ്റെയും നാഷണൽ ആയുഷ് മിഷൻ്റെയും നേതൃത്വത്തിൽ ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുന്തിയ പരിഗണന നൽകി പ്രവർത്തനങ്ങൾ  നടത്തിയിരുന്നു.സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, രോഗനിയന്ത്രണ സംവിധാനങ്ങൾ, രോഗികൾക്ക് ആവശ്യമായ വിവരങ്ങൾ കൈമാറൽ, ഗുണനിലവാരമുള്ള പരിശോധനാ സംവിധാനങ്ങൾ , പരിശീലന പരിപാടികൾ, മരുന്നുകളുടെ ഗുണ നിലവാരമുള്ള സംഭരണവും വിതരണവും,

സ്ഥാപനത്തിലെത്തുന്ന രോഗികളുടെ അഭിപ്രായം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ചാണ് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം ലഭിച്ചത്. രണ്ട് സ്ഥാപനങ്ങളിലും യോഗ ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് മികച്ച രീതിയിൽ യോഗ പരിശീലനവും ലഭ്യമാണ്. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ടി.കെ.രവിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയും പഞ്ചായത്ത് സെക്രട്ടറി ഷെജി തോമസ്  , കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ.സുമേഷ് സി.എസ്, പരപ്പ ഗവ. ആയുർവേദ ഡിസ്പെസറി മെഡിക്കൽ ഓഫിസർ ഡോ. ഉഷ സി എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും നടത്തിയ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് സ്ഥാപനങ്ങൾക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

No comments