മാലക്കല്ല് സബ് ട്രഷറിയുടെ ശിലാസ്ഥാപനം ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു പത്തുവർഷത്തിലേറെയായി കള്ളാർ വില്ലേജിൽ പൂക്കയം എസ്റ്റേറ്റിന്റെ വാടക കെട്ടിടത്തിലാണ് നിലവിൽ സബ് ട്രഷറി പ്രവർത്തിച്ചു വരുന്നത്
ഒമ്പത് മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന മാലക്കല്ല് സബ് ട്രഷറി കൂടുതൽ ജനകീയ പ്രവർത്തനങ്ങളുടെ കേന്ദ്രമാകണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു .മാലക്കല്ല് സെൻറ്മേരിസ് എ.യു.പി സ്കൂൾ അങ്കണത്തിൽ പുതിയ സബ് ട്രഷറിയുടെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇടപാടുകൾ നടക്കുന്ന ഒരു സ്ഥാപനം എന്ന നിലയിൽ ട്രഷറികൾക്ക് എല്ലാ അത്യാധുനിക സൗകര്യങ്ങളും വേണ്ടത് അത്യാവശ്യമാണെന്നും ഈ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊണ്ടാണ് പുതിയ കെട്ടിടം നിലവിൽ വരുന്നതെന്നും പെൻഷൻകർക്ക് ഒത്തുകൂടാനുള്ള സ്ഥലം എന്ന നിലയിൽ അവരുടെ പ്രായം കണക്കിലെടുത്ത് ആവശ്യമായ സൗകര്യങ്ങളോടുകൂടിയാകും ട്രഷറി പ്രവർത്തനമാരംഭിക്കുക എന്നും മന്ത്രി പറഞ്ഞു. നിലവിലെ മന്ത്രിസഭ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ സബ് ട്രഷറിയുടെ നിർമ്മാണം പൂർത്തീകരിച്ച് വിപുലമായ ഉദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ട്രഷറീ സേവിങ് അക്കൗണ്ടുകൾ വഴി പൊതുജനങ്ങൾക്ക് കൂടി സേവനം നൽകാൻ ഉതകുന്ന ട്രഷറിയെ ജനങ്ങൾ ഏറ്റെടുത്തു എന്നതിന് തെളിവാണ് ആദ്യഘട്ടമായ ശിലാസ്ഥാപന ചടങ്ങിൽ കോരിച്ചൊരിയുന്ന മഴയിലും ഉണ്ടായിട്ടുള്ള പൊതുജന പങ്കാളിത്തം എന്നും മന്ത്രി പറഞ്ഞു.
കള്ളാർ,പനത്തടി,കോടോം ബേളൂർ, , പഞ്ചായത്തുകളും ,120 ഡിഡിഒ മാരും, 450 പെൻഷൻകാരും, പൊതുജനങ്ങളും ആശ്രയിച്ചു വരുന്ന മാലക്കല്ല് സബ് ട്രഷറി പത്തുവർഷത്തിലേറെയായി വെള്ളരിക്കുണ്ട് താലൂക്കിലെ കള്ളാർ വില്ലേജിൽ പൂക്കയം എസ്റ്റേറ്റിന്റെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. വർഷങ്ങൾ നീണ്ട ജനകീയ കമ്മിറ്റിയുടെ പരിശ്രമത്തിനൊടുവിലാണ് സബ് ട്രഷറിക്ക് സ്വന്തമായൊരു കെട്ടിടം എന്ന സ്വപ്നങ്ങളുടെ ആദ്യ പടിയെന്ന നിലയിൽ പൂക്കയം എസ്റ്റേറ്റ് മാനേജ്മെൻ്റിൽനിന്നും 10 സെൻ്റ് സ്ഥലം വാങ്ങുന്നത്. കേരള സർക്കാരിൻറെ ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി 38 ലക്ഷം രൂപ ചെലവ് കണക്കാക്കി ഒമ്പത് മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ വകുപ്പ് ലക്ഷ്യമിടുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമാണച്ചുമതല എച്ച് .എൽ. എൽ എന്ന കമ്പനിക്കാണ്.
ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷനായി. ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ലക്ഷ്മി, കള്ളാർ ,പനത്തടി,കുറ്റിക്കോൽ,കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാരായ ടി കെ നാരായണൻ, പ്രസന്ന പ്രസാദ്, മുരളി പയ്യങ്ങാനം, പി ശ്രീജ , ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് മാവേലി, കള്ളാർ ഗ്രാമപഞ്ചായത്ത് മെമ്പർ മിനി ഫിലിപ്പ്, മാലക്കല്ല് സെൻ്റ് മേരീസ് സ്കൂൾ മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ട്,പൂക്കയം എസ്റ്റേറ്റ് മാനേജർ ജോമോൻ പ്രതിനിധി ട്രഷറി സ്ഥലം വാങ്ങൽ കമ്മിറ്റി കൺവീനർ പി ജെ ജോൺ, പ്രസ്സ് ഫോറം പ്രസിഡൻറ് ഗണേശൻ, വിവിധ സർവീസ് സംഘടനപ്രതിനിധികൾ, പെൻഷൻ സംഘടനാ പ്രതിനിധികൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസർ കെ റീജ നന്ദിയും പറഞ്ഞു
No comments