പരപ്പ ബ്ലോക്കിനെ ദേശീയ പുരസ്കാരത്തിന് അർഹമാക്കിയത് സമർപ്പണബോധവും ഉത്തരവാദിത്വ മനോഭാവവും; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
വെള്ളരിക്കുണ്ട്: പരപ്പ ബ്ലോക്കിനെ പ്രധാനമന്ത്രിയുടെ ദേശീയ പുരസ്കാരത്തിന് അർഹമാക്കിയത് സമർപ്പണബോധവും ഉത്തരവാദിത്വമനോഭാവും ആണെന്ന് രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രിയുടെ മികച്ച പൊതു ഭരണത്തിനുള്ള 2024ലെ ദേശീയ പുരസ്‌കാരം നേടിയതിന്റെ ഭാഗമായി സംഘടിപ്പിച്ച അനുമോദന യോഗവും ജനകീയഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്കിലെ വികസന വിടവുകൾ കണ്ടെത്തി സമയബന്ധിതമായി ജനകീയ സഹകരണത്തോടെ നടപ്പിലാക്കിയ മികവുറ്റ പ്രവർത്തനങ്ങളാണ് ബ്ലോക്കിനെ അവാർഡിനർഹമാക്കിയതെന്നും ആ അവാർഡ് നാടിനുള്ള ബഹുമതി കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാടിന്റെ പുരോഗതിയിൽ ജനകീയ സഹകരണത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്നും ഈ അവാർഡിനായി പരിശ്രമിച്ച ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
426 ആസ്പിറേഷന്‍ ബ്ലോക്കുകളില്‍നിന്നാണ് പൊതു ഭരണ മികവിനുള്ള ഒന്നാം സ്ഥാനം പരപ്പ ബ്ലോക്ക് നേടിയത്. ആരോഗ്യം, സാമൂഹികക്ഷേമം, കൃഷി, സംരംഭകത്വ വികസനം, ഗോത്രവര്‍ഗ്ഗ മേഖലയിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. അവാർഡിനായി പരിഗണിച്ച് 38 സൂചികകളിൽ 12 സൂചികകളിലും ബ്ലോക്കിന് 100% കൈവരിക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ മുഖ്യപ്രഭാഷണം നടത്തി. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻമാരായ ടി.കെ രവി, രാജുകട്ടക്കയം, അഡ്വ. ജോസഫ് മുത്തോലിൽ, ഗിരിജ മോഹൻ, ശ്രീജ പി, പ്രസന്ന പ്രസാദ്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും വി.കെ രാജൻ, എം.
പി ജോസഫ്, എൻ പുഷ്പരാജൻ, സി.എം ഇബ്രാഹിം, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.ടി നന്ദകുമാർ, പ്രമോദ് വർണം, രാഘവൻ കൂലേരി തുടങ്ങിയവർ പങ്കെടുത്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എം സുഹാസ് നന്ദിയും പറഞ്ഞു.
No comments