Breaking News

അതിശക്തമായ മഴ: കാസർകോട് ജില്ലയിൽ ഇന്ന് റെഡ്അലർട്ട്; ദേശീയപാതയിൽ ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് അടിയന്തര നടപടി; കണ്ടിജൻസി പ്ലാൻ തയ്യാറാക്കും: ജില്ലാ കളക്ടർ


കാഞ്ഞങ്ങാട് :അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടമാണ് ഇന്ന് ഉച്ചക്ക് അലർട്ട് പ്രഖ്യാപിച്ചത്. മഴ ശക്തമായ സാഹചര്യത്തിൽ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. രാത്രി മുതൽ മഴതുടരുകയാണ്.ദേശീയപാതയിൽ ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് അടിയന്തര നടപടി

 കണ്ടിജൻസി പ്ലാൻ തയ്യാറാക്കും: ജില്ലാ കളക്ടർ* 

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കാലവർഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് അടിയന്തര നടപടി  സ്വീകരിച്ചു വരുന്നതായി ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഐഎഎസ് അറിയിച്ചു. മട്ടലായികുന്ന് ,വീരമലക്കുന്ന്, ചെർക്കള എന്നിവിടങ്ങളിൽ

 പാർശ്വഭിത്തി സംരക്ഷണം ഉറപ്പുവരുത്തി കുന്നിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്കും നിർമ്മാണ കരാർ കമ്പനികൾക്കും ഇതിനകം  നിർദ്ദേശം രേഖാമൂലം നൽകിയിട്ടുണ്ട്. 

 ഈ മേഖലയിൽ ദുരന്ത സാധ്യത പഠനം നടത്തുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

മട്ടലായി കുന്നിലും വീരമല കുന്നിലും നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർമ്മാണ കരാർ കമ്പനിയായ മേഘയിൽ നിന്നും ജില്ലാ ഭരണ സംവിധാനത്തിന് ലഭിച്ച വിശദ റിപ്പോർട്ട് തുടർനടപടികൾക്കും പരിശോധനയ്ക്കുമായി ദേശീയപാത അതോറിറ്റിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

ഇതിനു പുറമേ ജില്ലാ കളക്ടർ   നിയോഗിച്ച ഡെപ്യൂട്ടി കളക്ടർ എൽ ഏയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഒരാഴ്ചയായി ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തിവരികയാണ് പരിശോധന ഇന്ന് പൂർത്തീകരിക്കും. തുടർന്ന് കാലവർഷവുമായി ബന്ധപ്പെട്ട് ഹൈവേയുടെ ഭാഗമായി പൂർത്തീകരിക്കേണ്ട  പ്രവർത്തനങ്ങളുടെ കണ്ടിൻജൻസി പ്ലാൻ (അടിയന്തര സാഹചര്യ പദ്ധതി) തയ്യാറാക്കും .

ദുരന്ത സാധ്യത തടയാൻ അടിയന്തര നിർമ്മാണം നടത്തേണ്ട മേഖലകൾ , കാലവർഷത്തിൽ വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങൾ ദുരന്ത സാഹചര്യങ്ങൾ തടയാനുള്ള നടപടികൾ,  ഗതാഗതം തിരിച്ചുവിടേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികൾ,  അപകട ഭീഷണിയിലുള്ള കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികൾ, ക്യാമ്പുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതായിരിക്കും കണ്ടിന്ജൻസി പ്ലാൻ.

അടിയന്തര ദുരന്ത സാഹചര്യം നേരിടുന്നതിനുള്ള രേഖ നാളെ വൈകിട്ട് മൂന്നുമണിക്ക് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ അവതരിപ്പിക്കും. യോഗത്തിൽ ജില്ലയിലെ എംഎൽഎമാർ, ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ ,ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ നിർമ്മാണ കരാർ കമ്പനികളുടെ പ്രതിനിധികൾ, പരിശോധന നടത്തിയ വിദഗ്ധസമിതി അംഗങ്ങൾ തുടങ്ങിയവർ  പങ്കെടുക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു .

യോഗത്തിൽ അവതരിപ്പിക്കുന്ന കണ്ടിന്ജൻസി പ്ലാൻ ജനപ്രതിനിധികളുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ്  അന്തിമമാക്കുക. കാലവർഷം  ശക്തിപ്രാപിക്കുന്നതിന് മുമ്പ്  രേഖ അനുസരിച്ച്  പദ്ധതി നടപ്പാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

 മട്ടലായി കുന്നിന്  മുകളിൽ അപകട ഭീഷണി ഉയർത്തുന്ന ഇലക്ട്രിക് ഹൈടെൻഷൻ ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തര നടപടിക്ക് ഉത്തരവ് നൽകും 

ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായാൽ വാഹനങ്ങൾ കാസർഗോഡ് -കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേയിലൂടെ വഴിതിരിച്ചുവിടുന്നതിന്  ഈ റോഡിൽ യാത്ര സുഗമമാക്കുന്നതിനും കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ  രൂപപ്പെട്ട വലിയ കുഴികൾ നികത്തുന്നതിന് ഉത്തരവ് നൽകുന്നതാണ്. 

ദേശീയപാത അതോറിറ്റി കരാർ നിർമാണക്കമ്പനിയുടെ മെറ്റീരിയൽസ് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനാണ് ഉത്തരവ് നൽകുന്നത്.

No comments