പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിമാന യാത്ര; സർപ്രൈസ് സമ്മാനം നൽകി പ്രധാന അധ്യാപിക
പാനൂർ : പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ വിമാന യാത്ര എന്ന ആഗ്രഹം യാഥാർത്ഥ്യമാക്കി പ്രധാന അധ്യാപിക. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ തിരുവാല്‍ യു പി സ്‌കൂളിലെ പ്രധാന അധ്യാപികയായ കെ വി റംലയാണ് കുട്ടികളെ വിമാന യാത്രയ്ക്ക് കൊണ്ടുപോയത്. കഴിഞ്ഞ അധ്യായന വര്‍ഷം എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിമാന യാത്ര ഒരുക്കിയാണ് മുന്‍ പാനൂര്‍ നഗരസഭ അധ്യക്ഷ കൂടിയായ റംല കുട്ടികളുടെ മനസ്സിൽ ഇടം പിടിച്ചത്
ബുധനാഴ്ചയായിരുന്നു 15 വിദ്യാര്‍ത്ഥികളും 10 അധ്യാപകരും കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനത്തില്‍ പറന്നിറങ്ങിയത്. വിദ്യാര്‍ത്ഥികളുടെ വിമാനത്തില്‍ പോകാനുള്ള ആഗ്രഹം മനസ്സിലാക്കിയ റംല ടീച്ചർ അവര്‍ക്ക് സര്‍പ്രൈസായി യാത്ര ഒരുക്കുകയായിരുന്നു. കുട്ടികളെ വിമാന യാത്രയ്ക്ക് ഒരുക്കുന്നതിനെ പറ്റിയറിഞ്ഞ കണ്ണൂരിലെ പ്രമുഖ വ്യവസായിയായ ചിറ്റുള്ളി യൂസുഫ് ഹാജി സഹായ വാഗ്ദാനവുമായി എത്തി. പിന്നാലെയാണ് റംല ടീച്ചറും കുട്ടികളും യാത്രയ്ക്ക് പുറപ്പെടുന്നത്.
വിമാന യാത്രയക്ക് ഒപ്പം കൊച്ചി മെട്രോയില്‍ ലുലു മാളും പരിസരത്തെ വിനോദ കേന്ദ്രങ്ങളിലും കുട്ടികൾ സമയം ചിലവഴിച്ചു. നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് എല്‍എസ്എസ്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നൽകുന്ന സ്‌കോളര്‍ഷിപ്പാണ് യുഎസ്എസ്. തിരുവാല്‍ യു പി സ്‌കൂളിലെ എട്ട് വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു എല്‍ എസ്എസ് ലഭിച്ചത്. ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് യു എസ്എസും ലഭിച്ചു.
പാനൂര്‍ നഗരസഭയുടെ പ്രഥമ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന റംല ടീച്ചര്‍ അറബി അധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷൻ്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. വനിത ലീഗ് സംസ്ഥാന കമ്മിറ്റി അംഗമാണ്. ഈ മാസം 31-ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് റംല ടീച്ചർ കുട്ടികളുടെ ആഗ്രഹം സാധിച്ച് നൽകിയത്.
No comments