Breaking News

ചിത്താരിയിലെ പഴയ പാലത്തിൽ വൻകുഴി; ഗതാഗതം നിരോധിച്ചു


കാഞ്ഞങ്ങാട് : കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചിത്താരിയിലെ പഴയ പാലത്തിൽ വൻകുഴി. ഒരുഭാഗത്തെ ടാറിങ്ങും കോൺക്രീറ്റും ഇളകി പുഴയിലേക്ക് പതിച്ചു. വലിയ ദ്വാരമാണ് പാലത്തിൽ വീണത്. അപകടഭീഷണിയെത്തുടർന്നു പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. പുതിയ പാലത്തിലൂടെയാണ് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങളെ കടത്തിവിട്ടത്. ഇന്നലെ വൈകിട്ട് 4നാണ് പാലത്തിൽ വൻകുഴി രൂപപ്പെട്ടത്. 1959ൽ നിർമിച്ച പാലമാണിത്. അന്ന് മന്ത്രിയായിരുന്ന വി.ആർ.കൃഷ്ണയ്യരാണ് പാലം ഉദ്ഘാടനം ചെയ്തത്.
കാലപ്പഴക്കത്താൽ പാലത്തിന് അപകട ഭീഷണിയുണ്ടായിരുന്നു. കെഎസ്ടിപി റോഡ് നിർമാണ സമയത്ത് പകരം പുതിയ പാലം നിർമിച്ചുവെങ്കിലും ഈ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നില്ല. കാസർകോട് ഭാഗത്തുനിന്നു കാഞ്ഞങ്ങാട്ടേക്ക് വരുന്ന വാഹനങ്ങൾ പാലം വഴിയാണ് കടന്നുപോകുന്നത്. പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ടെന്ന് നാട്ടുകാർ കാലങ്ങളായി പരാതിപ്പെടുന്നതാണ്. എന്നാൽ സ്ഥലം സന്ദർശിച്ചു പോകുന്നതല്ലാതെ മറ്റു നടപടികൾ ഉണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഡിവൈഡർ വച്ചു പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞു.

No comments