Breaking News

പുതിയ ബാക്ടീരിയകളെ കണ്ടെത്തി രാജപുരം സെന്റ് പയസ് ടെൻത് കോളേജ് മൈക്രോ ബയോളജി വിദ്യാർഥികൾ


രാജപുരം : ബിരുദ പ്രൊജക്ടിന്റെ ഭാഗമായി പുതിയ ബാക്ടീരിയകളെ കണ്ടെത്തി രാജപുരം സെന്റ് പയസ് ടെൻത് കോളേജ് മൈക്രോ ബയോളജി വിദ്യാർഥികൾ. അധ്യാപകരായ ഡോ. എൻ വി വിനോദ്, ഡോ. സിനോഷ് സ്കറിയാച്ചൻ, ഡോ. കെ എൻ അഭിനി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണ പ്രോജക്ടിലാണ് പുതിയ നാല് ബാക്ടീരിയകളെ കണ്ടെത്തിയത്. ഇവയ്ക്ക് കോളേജിന്റെ പേര് നൽകി. എസ്ടിപി മൈക്രോ (സെന്റ് പയസ് മൈക്രോ) 1, 2, 3, 4 എന്നാണ് നാമകരണം ചെയ്തത്. അപകടകാരികളല്ലാത്ത സ്റ്റെഫയലോകോക്കസ്, ബവിബാസില്സ്, ഭാർഗവായ എന്നിവയോടു ജനിതക സാമ്യമുള്ളവയാണ് പുതിയ ബാക്ടീരിയകൾ. മനുഷ്യ ചർമം, മത്സ്യ വേസ്റ്റ് എന്നിവയിൽനിന്നാണ് കണ്ടെത്തൽ. ഇവയെ ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ജീൻ ബാങ്കിൽ നിക്ഷേപിച്ചതിലൂടെ വിദ്യാർഥികളും അധ്യാപകരും കരസ്ഥമാക്കിയത് ചരിത്ര നേട്ടം. വി കെ ചന്ദന, എ അനന്യ, ഹാലിമ സിയ, വി ശ്രീക്കുട്ടി, കെ ആർ ഹരികൃഷ്ണൻ, ടി അർജുൻ, വി അർജുൻ, എ അശ്വിൻ രാജ്, സി എച്ച് നയീമ, ടി പി അമൃത, അയ്ത് മുബീന, മറിയ ടോം, സായിവർഷ എന്നീ വിദ്യാർഥികളാണ് നേട്ടത്തിന് പിന്നിൽ. പുതുതായി കണ്ടുപിടിക്കുന്ന പല ബാക്ടീരിയകൾക്കും ഗവേഷകരുടെ പേര് നൽകുന്ന സമ്പ്രദായത്തിൽനിന്ന് വ്യത്യസ്തമായാണ് നാമകരണം. ഭാവിയിൽ കണ്ടുപിടിക്കപ്പെടാവുന്ന പല മരുന്നുകൾക്കും ബാക്ടീരിയകൾ സഹായകമാകും എന്നാണ് പ്രതീക്ഷ.

No comments