ചെറുവത്തൂരിൽ ബാങ്ക് കവർച്ച ശ്രമം... കോട്ടും മാസ്കും ധരിച്ച മോഷ്ടാവിന്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു
ചെറുവത്തൂർ : ചെറുവത്തൂരിൽ ബാങ്ക് കവർച്ച ശ്രമം. സ്ട്രോങ്ങ് റൂം തുറക്കാൻ സാധിക്കാത്തതിനാൽ പണമോ സ്വർണമോ നഷ്ടമായില്ല. പാക്കനാർ തിയറ്ററിനുസമീപത്തെ കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ഷെഡ്യൂൾഡ് ബാങ്കായ ഇസാഫിന്റെ ശാഖയിലാണ് കവർച്ച ശ്രമം. രാവിലെ ബാങ്ക് തുറക്കാൻ എത്തിയ ജീവനക്കാരാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് സ്ട്രോങ് റൂം തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അകത്തുള്ള മേശകളുടെ വലിപ്പുകൾ തുറന്ന് പരിശോധിച്ച നിലയിലാണ്. കോട്ടും മാസ്കും ധരിച്ച മോഷ്ടാവിന്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തിങ്കൾ പുലർച്ചെ മൂന്നോടെയാണ് കവർച്ച ശ്രമം. പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. ബാങ്ക് ബ്രാഞ്ച് മാനേജർ ചിറ്റാരിക്കാലിലെ ബിപിൻ സെബാസ്റ്റ്യന്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ പൂട്ടും പുലർച്ചെ നാലോടെ തകർത്ത് മോഷ്ടാവ് അകത്ത് കയറിയിരുന്നു. കൗണ്ടറിൽ വച്ചിരുന്ന സഹായധന ബോക്സിൽ ഉണ്ടായിരുന്ന ചെറിയ തുക നഷ്ടപ്പെട്ടു. ചന്തേര എസ്ഐ ജിയോ സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
No comments