Breaking News

ജില്ലയിലെ സർക്കാർ ആശുപ്രതികളിൽ 36 ഡോക്ടർമാരുടെ ഒഴിവുകൾ നികത്തി ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ രണ്ട് പുതിയ ഡോക്ടർമാർ നിയമിക്കാൻ ഉത്തരവായി



രാജപുരം : ജില്ലയിലെ സർക്കാർ ആശുപ്രതികളിൽ 36 ഡോക്ടർമാരുടെ ഒഴിവുകൾ നികത്തി ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ. ജില്ലയിൽ ആരോഗ്യമേഖലയിലെ ഒഴിവുകൾ നികത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ആരോഗ്യമന്ത്രി വീണാ ജോർജുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കമ്മിറ്റിയംഗം ഷാലു മാത്യുവും ഒപ്പമുണ്ടായിരുന്നു. ജില്ലാ, ജനറൽ, താലൂക്ക് ആശുപതികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമായി 36 ഡോക്ടർമാരെയാണ് നിയമിച്ചത്. പിഎസ് സി ലിസ്റ്റ് വഴിയാണ് നിയമനം. ഇവർ 16ന് മുമ്പായി ജോലിയിൽ പ്രവേശിക്കും. പുറമെ താൽക്കാലിക അടിസ്ഥാനത്തിൽ കരാർ ഡോക്ടർമാരെയും നിയമിച്ചു. കഴിഞ്ഞവർഷം മൂന്നുഘട്ടങ്ങളിലായി 227 പേരെയാണ് ജില്ലയിൽ നിയമിച്ചിരുന്നത്. എന്നാൽ പലരും ജോലിയിൽ പ്രവേശിച്ച് ആഴ്ചകൾ കഴിയുന്നതോടെ അവധിയിൽ പ്രവേശിക്കുന്ന അവസ്ഥയായിരുന്നു. മഴക്കാല രോഗങ്ങളും പനിയും മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ
പടർന്നുപിടിക്കുന്നത് പരിഗണിച്ച് അതിവേഗത്തിലുള്ള പരിഹാര നടപടികൾ വേണമെന്ന് എം രാജഗോപാലൻ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. പുതുതായി 36 പേരെ കൂടിയ നിയമിച്ചതോടെ 58 ഡോക്ടർമാരുടെ സേവനം ലഭിക്കും. പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ രണ്ട് പുതിയ ഡോക്ടർമാർ നിയമിക്കാൻ ഉത്തരവായി. ഇതോടൊപ്പം താൽക്കാലിക അടിസ്ഥാനത്തിൽ രണ്ട് ഡോക്ടർമാരെ നിയമിക്കും. ഇതോടെ രാത്രികാലങ്ങളിൽ നിർത്തിവച്ച ഒപി പുനരാരംഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പൂടംകല്ലിൽ പ്രവർത്തിക്കുന്ന ആശുപ്രതിയിൽ രാത്രികാല ഡോക്ടർമാർ ഇല്ലാതെ രോഗികൾ ഏറെ ദുരിതം അനുഭവിക്കുകയായിരുന്നു. താലൂക്ക് ആശുപ്രതിയിൽ വേണ്ടത് 15 ഡോക്ടർമാരാണ്. എന്നാൽ രണ്ടുപേർ ഡെപ്യൂട്ടേഷനിലും രണ്ടുപേർ പ്രസവ അവധിയിലും പോയിരിക്കുകയാണ്. ഒമ്പതു ഡോക്ടർമാരായിരുന്നു നിലവിലുണ്ടായത്. എന്നാൽ കഴിഞ്ഞ ദിവസം വന്ന ജനറൽ ട്രാൻസ്ഫറിൽ നാലുപേർ സ്ഥലം മാറിപ്പോയി. ഇതോടെയാണ് രാത്രികാല പരിശോധന ഇവിടെ നിർത്തിയത്. വിരമിച്ച ഡോക്ടർമാരെയും മെഡിക്കൽ പഠനം പൂർത്തിയാക്കിയവരുടെയും സേവനം ഉപയോഗപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. കാസർകോട് ജോലി ചെയ്യാൻ സന്നദ്ധരായ ഡോക്ടർമാർക്ക് അധിക ആനുകൂല്യം നൽകുന്ന പാക്കേജും നിലവിലുണ്ട്.



No comments