ഗവ.യു പി സ്കൂൾ ചാമക്കുഴി കൂവാറ്റിയിൽ ക്രിയേറ്റീവ് കോർണർ ഏകദിന ശില്പശാല സംഘടിപ്പിച്ചു
ചോയ്യംകോട്: ഗവൺമെൻ്റ് യു പി സ്കൂൾ ചാമക്കുഴി കൂവാറ്റിയിൽ ക്രിയേറ്റീവ് കോർണർ - വർക് ഇൻറഗ്രേറ്റഡ് ലാബ് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു.
കുട്ടികളിലെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനായി കേരള പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പിന്തുണയോടെ വിദ്യാലയങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. അഞ്ചരലക്ഷം രൂപ ചിലവിൽ വിദ്യാലയങ്ങളിൽ പ്ലംബിംഗ് , വയറിംഗ്, ഇലക്ട്രിക്കൽ, ടൈലറിംഗ്,കുക്കിംഗ്, കാർഷികം,കാർപ്പെൻ്ററി, തുടങ്ങിയ ഏഴ് മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് ആവശ്യമായ ഉപകരണങ്ങളും സാങ്കേതിക പരിശീലനങ്ങളും നൽകിയാണ് ക്രിയേറ്റീവ് കോർണറുകൾ ഒരുക്കിയിരിക്കുന്നത്.
കിനാനൂർ കരിന്തളം പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഷൈജു ബിരിക്കുളം പദ്ധതി വിശദീകരണം നടത്തി. പ്രധാന അധ്യാപകൻ സുരേശൻ ടി , പിടിഎ പ്രസിഡണ്ട് പ്രദീപ് കൂവാറ്റി , സ്റ്റാഫ് സെക്രട്ടറി കമലാക്ഷൻ കക്കോൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ക്ലസ്റ്റർ കോഡിനേറ്റർ വീണക്കുട്ടി സി ആർ , സ്പെഷലിസ്റ്റ് അധ്യാപിക ശ്രുതി കെ കെ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
No comments