എളേരിത്തട്ട് ഇ.കെ.എൻ.എം ഗവ. കോളേജിൽ നാല് കോടിയുടെ വികസന പ്രവർത്തനം പൂർത്തിയായി ജൂൺ 30 ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും
ഭീമനടി : കാസർഗോഡ് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ഉന്നതവിദ്യാഭ്യാസ രംഗത്തെ മുഖ്യ കേന്ദ്രമായ എളേരിത്തട്ട് ഗവ. കോളേജ് 2025 ജൂൺ 30 തിങ്കളാഴ്ച മറ്റൊരു ചരിത്രമുഹൂർത്തത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ്. 2024 ലെ നാക് (NAAC) പരിശോധനയിൽ B++ ഗ്രേഡു കരസ്ഥമാക്കിയ ഈ കലാലയത്തിൽ സംസ്ഥാന സർക്കാറിൻ്റെ പദ്ധതി വിഹിതത്തിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ഇക്കണോമിക്സ് സമുച്ചയം, ഇൻ്റേണൽ റോഡ്, വാട്ടർടാങ്ക്, ഐ ക്യു എ സി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം 2025 ജൂൺ 30 ന് തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് തൃക്കരിപ്പൂർ എം എൽ എ ശ്രീ.എം രാജഗോപാലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. കാസർഗോഡ് മണ്ഡലം എം.പി രാജ് മോഹൻ ഉണ്ണിത്താൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ചടങ്ങിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എം ലക്ഷ്മി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗിരിജ മോഹനൻ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡൻ്റ് ശ്രീ. പി.സി. ഇസ്മായിൽ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോമോൻ ജോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ എ.വി രാജേഷ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ബിന്ദു മുരളീധരൻ, ശ്രീമതി ശാന്തികൃപ , ശ്രീ സി.പി. സുരേശൻ തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുക്കുന്നതാണ്.
1981-ല്‍ ഇ കെ നയനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മലയോരമേഖലയിലെ കുട്ടികളുടെ ഉന്നത വിദ്യഭ്യാസന് വേണ്ടി എളേരിത്തട്ടില്‍ ഒരു ഗവ. കോളേജ് അനുവദിച്ചത്. കയ്യൂര്‍ സമരകാലത്ത് തനിക്ക് സുരക്ഷിതമായ ഒളിയിടം ഒരുക്കിയ ഭൂമി എന്ന നിലയ്ക്ക് നയനാര്‍ എന്നും എളേരിത്തട്ടിനോടും ഇവിടുത്തെ ജനങ്ങളോടും വൈകാരിക ബന്ധം പുലര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ അദ്ധേഹത്തിന്റെ മരണശേഷം അദ്ധേഹത്തിന്റെ സ്മാരകമായിട്ടാണ് ഈ കോളെജ് അറിയപ്പെടുന്നത്. പതിറ്റാണ്ടുകളുടെ ബാലാരിഷ്ടതകളും പൊതുവേ പിന്നാക്ക ജില്ലയായ കാസര്‍കോട് നേരിടുന്ന അവഗണനകളും മറികടന്ന് കാസര്‍കോട് ജില്ലയുടെ മലയോര മേഖലയിലെ ഈ ഏക സര്‍ക്കാര്‍ കോളേജ് നേട്ടങ്ങളുടെ പാതയിലൂടെയാണ് ഇന്ന് സഞ്ചരിക്കുന്നത്. 2019-ലാണ് ആദ്യമായി കോളെജിന് നാക് അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കോളെജിന് കഴിഞ്ഞിട്ടുണ്ട്. പതിറ്റാണ്ടുകളോളം ഒറ്റക്കെട്ടിടത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഒതുക്കേണ്ടിവന്ന കോളേജില്‍ ഇന്ന് സര്‍ക്കാരിന്റെ വിവിധ ഫണ്ടുകളുപയോഗിച്ച് വ്യത്യസ്ത പഠന വകുപ്പുകള്‍ക്ക് കെട്ടിട സൗകര്യങ്ങളുണ്ട്. സയന്‍സ് ബ്ലോക്കും സാമ്പത്തികശാസ്ത്ര വിഭാഗത്തിനുള്ള കെട്ടിടവും പ്രവര്‍ത്തനം ആരംഭിച്ചു. വാണിജ്യശാസ്ത്ര വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. നിലവില്‍ രണ്ട് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ കോളേജിന് ഉണ്ട്. വളരെ വിപുലമായ സൗകര്യങ്ങളുള്ള സ്റ്റുഡന്റ് അംനിറ്റി സെന്റര്‍ സ്ഥാപിക്കാനുള്ള ഫണ്ട് സര്‍ക്കാരില്‍ നിന്ന് പാസ്സായി വന്നിട്ടുണ്ട്. അതിന് വേണ്ടിയുള്ള ഭൂമിനിര്‍ണ്ണയവും പ്ലാനും പൂര്‍ത്തിയായി. മികച്ച ഓഡിറ്റോറിയവും വളരെ വിപുലമായ സൗകര്യത്തോട് കൂടിയുള്ള ലൈബ്രറി കെട്ടിടവും ഏതാണ്ട് മുപ്പതിനായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും കോളേജിനുണ്ട്. അത്യന്താധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പ്രിന്‍സിപ്പാള്‍ ചേമ്പറും ഓഫീസ് മുറികളും സ്മാര്‍ട്ട് ക്ലാസ് മുറികളുമാണ് കോളേജിനുള്ളത്. മികച്ച നിലവാരത്തിലുള്ള ലാബുകളും കമ്പ്യൂട്ടര്‍ സെന്ററുകളും സെമിനാര്‍ ഹാളുകളും കോളേജിനുണ്ട്.
പാഠ്യപ്രവര്‍ത്തന കാര്യത്തിലും മികവിന്റെ പാതയിലാണ് കോളേജ്. പരീക്ഷാഫലം പരിശോധിച്ചാല്‍ കണ്ണൂര്‍ സര്‍വ്വകലാശലയുടെ പരീക്ഷാഫലത്തിന്റെ ശരാശരിയിലും മേലെയാണ് കോളെജിന്റെ റിസല്‍ട്ട്. 2022-23 അക്കാദമിക വർഷം ഏഴ് റാങ്കുകളാണ് വിവിധ പഠനവിഭാഗങ്ങളിലായി കോളേജിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. 2023-24 അക്കാദമിക വര്‍ഷമാകട്ടെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ കോളേജുകളിലെ പ്രധാനപ്പെട്ട മൂന്ന് വിഭാഗങ്ങളിലും - സമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം, ഹിന്ദി - ഒന്നാം റാങ്ക് കോളേജിനാണ്. ഇക്കണോമിക്സ് വിഭാഗത്തില്‍ സാന്ദ്ര മാത്യുവും പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ നന്ദന ടിയും ഹിന്ദി വിഭാഗത്തില്‍ മഞ്ജിമ പിയും ഒന്നാം റാങ്ക് കരസ്ഥമാക്കി.
പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവിന്റെ പാതയിലാണ് കോളേജ്. അതില്‍ എടുത്ത് പറയേണ്ട നേട്ടങ്ങള്‍ കായിക വിഭാഗത്തിന്റേതാണ്. കഴിഞ്ഞ അക്കാദമിക വര്‍ഷം കണ്ണൂര്‍ സര്‍വ്വകലാശാല കായിക മത്സരങ്ങളില്‍ വിവിധയിനങ്ങളില്‍ 38 കുട്ടികള്‍ മെഡല്‍ കരസ്ഥമാക്കുകയുണ്ടായി. അതില്‍ എട്ടുകുട്ടികള്‍ സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് അന്തര്‍ സര്‍വ്വകലാശാല മത്സരത്തില്‍ പങ്കെടുത്തു. പത്തോളം കുട്ടികള്‍ സംസ്ഥാന തലത്തില്‍ മെഡല്‍ ജേതാക്കളായി. ദേശീയ തലമത്സരങ്ങളിലും കോളേജിലെ കുട്ടികള്‍ പങ്കെടുത്തു.
കണ്ണൂര്‍ സര്‍വ്വകലാശാല നടപ്പിലാക്കിയ നാലുവര്‍ഷ ബിരുദ പഠന പരിഷ്ക്കാരവും കോളേജില്‍ വിജയകരമായി നടന്നുവരുന്നു. നിലവില്‍ ആറ് ബിരുദ കോഴ്സുകളാണ് കോളേജില്‍ ഉള്ളത്. ബികോം, ബി എ ഇക്കണോമിക്സ്, ബി എ ഫങ്ഷണല്‍ ഇംഗ്ലീഷ്, ബി എ ഹിന്ദി, ബി എ പൊളിറ്റിക്കല്‍ സയന്‍സ്, ബി എസ് സി ഫിസിക്സ്. ഈ ആറുവിഭാഗങ്ങളും മൂന്ന് തരത്തിലുള്ള ബിരുദതല പാഠ്യപദ്ധതികളാണ് നാലുവര്‍ഷ ബിരുദ പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് മുന്നില്‍ വെക്കുന്നത്. നാലുവര്‍ഷ ബിരുദപഠനമായ ഹോണേഴ്സ് ഡിഗ്രി. നാലുവര്‍ഷ ബിരുദ പഠനം ഗവേഷണത്തോടെ അവസാനിപ്പിക്കുന്ന ഹോണേഴ്സ് വിത്ത് റിസേര്‍ച്ച്ഡിഗ്രി. കൂടാതെ ഇപ്പോള്‍ നിലവിലുള്ള രീതിയായ മൂന്ന് വര്‍ഷ ഡിഗ്രി പഠനവും കുട്ടികള്‍ക്ക് അവലംബിക്കാവുന്നതാണ്. മൂന്നാം വര്‍ഷം പഠനം നിര്‍ത്തിയാല്‍ അത്തരം കുട്ടികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഹോണേഴ്സ് വിത്ത് റിസേര്‍ച്ച് പഠനം തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് മികച്ച സൗകര്യങ്ങളാണ് കോളേജില്‍ ഉള്ളത്.
നാലു വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ സവിശേഷതയായ വാല്യൂ ആഡഡ് കോഴ്സുകൾ, സ്കിൽ എൻഹാൻസ്മെന്റ് കോഴ്സുകൾ, മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ എന്നിവ കോളേജിലെ 12 ഡിപ്പാർട്ട്മെന്റുകളും കുട്ടികൾക്ക് അവസരം നൽകുന്ന രീതിയിൽ 2024 - 25 അക്കാദമിക വർഷം മുതൽ വിഭാവനം ചെയ്തിട്ടുണ്ട്. അതായത് കുട്ടികൾക്ക് ഐച്ഛികം ആയിട്ടുള്ള വിഷയങ്ങൾ യഥേഷ്ടം തിരഞ്ഞെടുത്ത് പഠിക്കുന്നതിനുള്ള അവസരങ്ങൾ ഉറപ്പുവരുത്തുന്നു. കുട്ടികൾ തെരഞ്ഞെടുക്കുന്ന മേജർ പ്രോഗ്രാമുകളോടൊപ്പം തന്നെ മറ്റു ഡിപ്പാർട്ട്മെന്റുകളിലെ മൈനർ കോഴ്സുകൾ പഠിക്കുന്നതിനുള്ള സൗകര്യവും കോളേജ് ഉറപ്പ് വരുത്തിയിട്ടുണ്ട്. മികച്ച ലൈബ്രറി, സയന്‍സ് ലാബ്, ലാഗ്വേജ് ലാബ്, കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കൂടാതെ കുട്ടികളെ റിസര്‍ച്ചിന് ഒരുക്കാന്‍ പ്രാപ്തരായ മികച്ച അദ്ധ്യാപകര്‍ എന്നിങ്ങനെ കോളേജ് മികച്ച പ്രവര്‍ത്തന വഴിയിലാണ്. അദ്ധ്യാപകരില്‍ ഭൂരിഭാഗവും ഡോക്ടറേറ്റ് ഉള്ളവരാണ്. ബാക്കിയുള്ളവരാകട്ടെ റിസര്‍ച്ചിന് രജിസ്റ്റര്‍ ചെയ്തവരും. മികച്ച മൈതാനവും ജിംനേഷ്യവും കോളേജിനുണ്ട്. മലയോര മേഖലയിൽ നിന്ന് മാത്രമല്ല കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുന്നു. ഇതിനെല്ലാം മകുടം ചാര്‍ത്തുന്ന വിധത്തിലാണ് 2024 ഒക്ടോബറില്‍ നടന്ന നാക് വിലയിരുത്തലില്‍ ലഭിച്ച ബി പ്ലസ് പ്ലസ് ഗ്രേഡ്. ആദ്യത്തെ ഗ്രേഡില്‍ നിന്ന് രണ്ട് പടവുകള്‍ ഒന്നിച്ച് മുന്നോട്ടുപോകാന്‍ കോളേജിന് കഴിഞ്ഞു. ശരിക്കും എ പ്ലസ് ഗ്രേഡിന് കോളേജിന് അര്‍ഹതയുണ്ടായിരുന്നു. ക്വാണ്ടിറ്റേറ്റീവ് വിലയിരുത്തലില്‍ എ പ്ലസ് ഗ്രേടുണ്ടായിരുന്നു. എന്നാല്‍ ഫൈനല്‍ വിലയിരുത്തലില്‍ ബി പ്ലസ് പ്ലസ് ഗ്രേഡിലേക്ക് കോളേജ് പോവാനുണ്ടായ പ്രധാന കാരണം കോഴ്സുകളുടെ കുറവാണ്. നാക് കമ്മിറ്റിയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ അത് പ്രധാന പോരായ്മയായി എടുത്തുകാണിച്ചിട്ടുണ്ട്. കോളേജില്‍ ആകെ ആറ് ബിരുദ പഠന കോഴ്സുകളും ഒരു ബിരുദാനന്തര ബിരുദ പഠന കോഴ്സും മാത്രമേയുള്ളു. 1981-ല്‍ ആരംഭിച്ച കോളേജുകളില്‍ ഏറ്റവും കുറവ് പഠന വകുപ്പുള്ള കോളേജാണിത്. അധികൃതരുടെ ശ്രദ്ധയില്‍ ശ്രദ്ധയില്‍ വരേണ്ട കാര്യമാണിത്.
വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കോളെജില്‍ നടന്നുവരുന്നത്. അതില്‍ നാല് കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയായ നാല് പ്രവര്‍ത്തനങ്ങള്‍ കോളേജിന് സമര്‍പ്പിച്ചുകൊണ്ടുള്ള ഉദ്ഘാടനച്ചടങ്ങാണ് ജൂണ്‍ 30-ന് നടക്കുന്നത്. രണ്ട് കോടി രൂപ ചെലവഴിച്ചുള്ള ഇക്കണോമിക്സ് സമുച്ചയം, ഒരു കോടി മുപ്പത്തിനാല് ലക്ഷം രൂപ ചെലവഴിച്ചുള്ള ഇൻ്റേണൽ റോഡ് വികസനം, മുപ്പത്തിയെട്ട് ലക്ഷം രൂപ ചെലവഴിച്ചുള്ള വാട്ടർടാങ്ക് നിര്‍മ്മാണം, പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചുള്ള ഐ ക്യു എ സി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്.
പ്രിൻസിപ്പൽ ഡോക്ടർ മാത്യൂസ് പ്ലാമൂട്ടിൽ, വൈസ് പ്രിൻസിപ്പൽ ഡോക്ടർ ടോബി ജോസഫ് കെ കെ,
ഡോക്ടർ പി സി അഷറഫ്, ഡോക്ടർ പ്രകാശൻ കെ, പ്രസാദ് പി ജെ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
No comments