പുല്ലൂർ പെരിയയിൽ പുലി; തിരച്ചിൽ ശക്തമാക്കി
പെരിയ : പുല്ലൂർ പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും പുലി സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ചതോടെ വനപാലകർ തിരച്ചിൽ ശക്തമാക്കി. പെരിയ കേന്ദ്ര
സർവകലാശാല പരിസരം, ചാലിങ്കാൽ, തണ്ണോട്ട് പ്രദേശങ്ങളിലാണ് തുടർച്ചയായി പുലിയെ കണ്ടത്. തണ്ണോട്ട് കുന്നമ്മങ്ങാനത്താണ് ആദ്യം പുലിയെ കണ്ടത്. പുലർച്ചെ കുന്നുമ്മങ്ങാനത്തെ ബൈജുവിന്റെ വീട്ടുമുറ്റത്താണ് പുലി വന്നത്. വീട്ടുടമയെ കണ്ടതോടെ പുലി ഓടി മറഞ്ഞു. പിന്നീടാണ് കേന്ദ്ര സർവകലാശാല പരിസരത്ത് പുലി പ്രത്യക്ഷപ്പെട്ടത്. തുടർച്ചയായി ഈ ഭാഗത്ത് പുലിയെ കാണുന്നുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമും കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുള്ള പനത്തടി സെക്ഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. റാപ്പിഡ് റെസ്പോൺസ് ടീമിനൊപ്പം സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ ജയകുമാർ, കെ രാജു എന്നിവരും വാച്ചർമാരായ രവീന്ദ്രൻ, മണികണ്ഠൻ, പി രാജൻ, എ കെ നിവേദ്, പനത്തടി സെക്ഷൻ ഉദ്യോഗസ്ഥരായ വി വിനീത്, ഡി വിമൽരാജ്, ജി എസ് പ്രവീൺകുമാർ എന്നിവരുമുണ്ടായിരുന്നു. പെരിയ കേന്ദ്രസർവകലാശാലക്ക് സമീപത്തും തണ്ണോട്ടുമായി മൂന്ന് നിരീക്ഷണക്യാമറ സ്ഥാപിച്ചു. തണ്ണോട്ട് പുലിയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. കേന്ദ്രസർവകലാശാലക്ക് സമീപത്ത് നടത്തിയ പരിശോധനയിൽ കാൽപ്പാടുകളൊന്നും കണ്ടെത്തിയില്ല. രണ്ടുമാസം മുമ്പ് ചാലിങ്കാൽ, പെരിയ ബസാർ, കേന്ദ്രസർവകലാശാല പരിസരം, ആയമ്പാറ, തൊടുപ്പനം, കമ്മാടത്തുപാറ, കല്ലുമാളം എന്നിവിടങ്ങളിൽ പുലിയെ കണ്ടിരുന്നു.
No comments