Breaking News

'കടക്കെണി വിമോചന മുന്നണി', കൽപ്പറ്റയിൽ വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി; 3 പേർ പിടിയിൽ



മാനന്തവാടി: വയനാട്ടിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ അവരില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ മൂന്ന് പേരെ മാനന്തവാടി പൊലീസ് അറസ്റ്റു ചെയ്തു. കൂത്തുപറമ്പ് മീത്തലെപീടികയില്‍ വീട്ടില്‍ കാരായി അരൂഷ്(52), കല്‍പ്പറ്റ എരഞ്ഞിവയല്‍ കോഴിക്കോടന്‍ വീട്ടില്‍ അബൂബക്കര്‍(64), മാടക്കര കോളിയാടി വലിയവട്ടം വീട്ടില്‍ ശിവന്‍(55) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.


ഒഴക്കോടി അനിയറ്റ്കുന്നില്‍ താമസിക്കുന്ന ഒമ്പതേടത്ത് വീട്ടില്‍ തങ്കമണി(87)യുടെ പരാതിയിലാണ് നടപടി. ഇവരുമായി നല്ല ബന്ധത്തിലല്ലാത്ത മകളെ അവരുടെ വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കടക്കെണി വിമോചന മുന്നണി എന്ന പേരില്‍ 20 ഓളം ആളുകള്‍ നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് പരാതിക്കാരിയുടെ വീട്ടിലേക്ക് പ്രകടനമായി എത്തുകയും നാശനഷ്ടം വരുത്തുകയുമായിരുന്നുവെന്നാണ് പരാതി. ഇക്കഴിഞ്ഞ 19ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.


ഇരുപതോളം പേര്‍ സംഘം ചേര്‍ന്ന് തങ്കമണിയുടെ വീട്ടിലേക്ക് പ്രകടനം നടത്തുകയും പ്ലക്കാര്‍ഡുകള്‍ സ്ഥാപിക്കുകയും വീടിന്റെ പൂട്ടും വാതിലും പൊളിച്ച് അകത്ത് അതിക്രമിച്ച് കയറുകയുമായിരുന്നു. വിവരം ലഭിച്ചയുടനെ ജൂനിയര്‍ എസ്.ഐ അതുല്‍ മോഹന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തുകയും വീടിനുള്ളില്‍ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

No comments