Breaking News

പൊരുതിവീണെങ്കിലും തലയുയർത്തി കാസർകോടിന്റെ പെൺപട... സംസ്ഥാന ജൂനിയർ വനിതാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലാ ടീം റണ്ണേഴ്സ് അപ്പായി


തൃക്കരിപ്പൂർ : കാൽപ്പന്തിൽ കാസർകോടിന്റെ പെൺപടയുടെ റണ്ണർ അപ്പ് നേട്ടം കിരീടനേട്ടത്തോടൊപ്പം ചേർത്തുവെക്കാം. കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ വനിതാ ഫുട്ബാൾ  ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് തൃശ്ശൂരിനോട് പൊരുതി തോറ്റെങ്കിലും തലയുയർത്തിയാണ് കാസർകോടിന്റെ പെൺപുലികൾ മടങ്ങുന്നത്. തുടക്കത്തിൽ എല്ലാ കളിയിലും ആധികാരിക വിജയം സ്വന്തമാക്കിയാണ് കാസർകോട് ഫൈനലിലെത്തിയത്. ഐ.പി. ആയിഷ മിർഹാനയാണ് ടീം ക്യാപ്റ്റൻ. നിയ ഗണേശനാണ് വൈസ് ക്യാപ്റ്റൻ. ഇഷിതാ ഹരീഷ്, എം. മിത്ര (ഗോൾകീപ്പർ), ടി. ശ്രീരുദ്ര, കെ. ദേവിക, അഷിക മെർലിൻ, ടി.ടി.വി. വൈഗ, കെ. അമൃത, റിംഷ അബ്ദുൽ കബീർ (ഡിഫൻഡർമാർ), കെ.വി. ശിവനന്ദ, കെ.വി. ആലിയ, മീരാ നാരായൺ, ടി. റിയ, പി.വി. അഭിന, സി. വൈഗ (മിഡ് ഫീൽഡർമാർ), പി. പാർവതി, നിതിനാരാജ്, എം. അർച്ചന, നിവേദിതാ ഉമേശൻ (ഫോർവേഡ്) എന്നിവരാണ് ടീം അംഗങ്ങൾ.

സുമേഷ് കാലിക്കടവാണ് ടീം പരിശീലകൻ. വി.വി. ഷീബയാണ് ടീം മാനേജർ.

കൂളായി നയിച്ച് ആയിഷ മിർഹാന

ടീമിനെ കൂളായി നയിച്ച്, ചാമ്പ്യൻഷിപ്പിലെ ടോപ്പ് സ്കോറർ കൂടിയായാണ് ഐ.പി. ആയിഷ മിർഹാന മൊഗ്രാൽ പൂത്തൂരിലേക്ക് മടങ്ങിയെത്തുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് ആയിഷ ജില്ലാടീമിനെ നയിക്കുന്നത്. സബ്ജൂനിയർ ജില്ലാ ടീം ക്യാപ്റ്റനുമായിരുന്നു.

No comments