യുവതിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിയെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു
ഹൊസ്ദുർഗ്: യുവതിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ കണ്ണാശുപത്രിയിൽ ജീവനക്കാരനായ കണ്ണൂർ സ്വദേശി നിസാറി(30)നെയാണ് ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
യുവതി തന്റെ സഹോദരനെയും കൊണ്ട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് സ്വകാര്യ കണ്ണാശുപത്രി ജീവനക്കാരനായ നിസാറിനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായി. അതിനു ശേഷം ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം മറച്ചുവച്ച നിസാർ യുവതിക്കു വിവാഹ വാഗ്ദാനം നൽകുകയും വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നുവെന്നു പറയുന്നു.അതിനു ശേഷം നിസാർ പ്രണയബന്ധത്തിൽ നിന്ന് പിന്നോക്കം പോവുകയും വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. താൻ പട്ടിക ജാതി വിഭാഗത്തിൽ പെടുന്ന ആളാണെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇത് പ്രകാരം കേസെടുത്ത ഹൊസ്ദുർഗ് പൊലീസ് തുടരന്വേഷണത്തിനായി കേസ് സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന് കൈമാറി. എന്നാൽ എസ്എംഎസ് നടത്തിയ അന്വേഷണത്തിൽ യുവതി സംവരണ വിഭാഗത്തിൽ പെടുന്ന ആളല്ലെന്ന് കണ്ടെത്തി. കേസ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചയച്ചു. തുടർന്ന് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിസാറിനെ അറസ്റ്റു ചെയ്തത്.
No comments