Breaking News

കള്ള തോക്ക് നിർമ്മാണം; നാലാം പ്രതിയെ എറണാകുളത്ത് വച്ച് രാജപുരം പോലീസ് പിടികൂടി

രാജപുരം : വീട് കേന്ദ്രീകരിച്ച് കള്ള തോക്ക് നിർമ്മിച്ച സംഘത്തിലെ നാലാമത്തെ പ്രതിയേയും പോലീസ് പിടികൂടി. കേസിലെ നാലാം പ്രതിയായ രാജപുരം പുഞ്ചക്കരയിലെ ജോജി ജോസ് (45) നെയാണ് എറണാകുളത്ത് വച്ച് രാജപുരം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ മാസം എട്ടാം തീയതി രാജപുരത്ത് വീട് കേന്ദ്രീകരിച്ച് കള്ള തോക്ക് നിർമ്മാണം നടത്തുകയായിരുന്ന ആലക്കോട് സ്വദേശി അജിത്ത് കുമാർ, കള്ളാർ സ്വദേശി സന്തോഷ് വിജയൻ, പരപ്പ മുണ്ടത്തടത്തിലെ ഷാജി പി.ജെ എന്നിവരെ രാജപുരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ നാലാം പ്രതിയായ ജോജി ജോസ് എറണാകുളത്തേക്ക് കടന്നിരുന്നു. സംഭവത്തിനു ശേഷം അവിടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ ഇയാൾ രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. രാജപുരം സിഐ പി രാജേഷിന്റെ നിർദ്ദേശപ്രകാരം സി.പി.ഒ വിജിത്, എസ്.സി.പി.ഒ സനൂപ് എന്നീ പോലീസ് ഉദ്യോഗസ്ഥർ രണ്ട് ദിവസമായി എറണാകുളത്ത് ക്യാമ്പ് ചെയ്തു തന്ത്രപൂർവം ഇയാളെ പിടികൂടുകയായിരുന്നു.


No comments