പട്ടയ പ്രശ്‌നത്തിന് പരിഹാരം
വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂർ വില്ലേജിൽ സർവേ നമ്പർ 469/ 5 ൽ ഉൾപ്പെട്ട ഭൂമിക്കാണ് പട്ടയം അനുവദിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. 1990-കളിൽ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ ഉൾപ്പെടുന്ന ചോയ്യംകോട് പ്രദേശത്തെ പതിമൂന്നോളം കുടുംബങ്ങൾക്ക് രാജീവ് ദശലക്ഷം കോളനി പദ്ധതി പ്രകാരം വീടും ഭൂമിയും
അനുവദിച്ചിരുന്നു. ഈ 13 കുടുംബങ്ങളും ഇവിടെ വീട് വെച്ച് താമസിച്ചു വരികയാണെങ്കിലും ഭൂമിക്ക് 35 വർഷത്തിലധികമായി പട്ടയം അനുവദിച്ചിരുന്നില്ല. റവന്യൂ അധികാരികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ശ്രദ്ധയിൽപ്പെടുത്തി, നിരന്തരം നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും പട്ടയ പ്രശ്നത്തിന് പരിഹാരമാകാതെ നീളുകയായിരുന്നു. കാസർഗോഡ് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐ എ എസ് ആവിഷ്കരിച്ച പട്ടയ മിഷനിൽ ഈ കുടുംബങ്ങൾ വീണ്ടും അപേക്ഷ സമർപ്പിച്ചതോടെയാണ് ഇവരുടെ ദീർഘനാളത്തെ പ്രശ്നത്തിന് പരിഹാരമാകുന്നത് . വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളിയുടെ നിർദ്ദേശപ്രകാരം കിനാനൂർ വില്ലേജ് ഓഫീസറായ ആർ. മധുസൂദനനും വില്ലേജ് ജീവനക്കാരും രാജീവ് ദശലക്ഷം കോളനിയിലെ കുടുംബങ്ങൾക്കുള്ള പട്ടയ നടപടികൾ സ്വീകരിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. പഞ്ചായത്ത് അധീന ഭൂമിയാണെന്ന പേരിലായിരുന്നു മുൻവർഷങ്ങളിൽ അപേക്ഷ സമർപ്പിച്ചപ്പോൾ കോളനിവാസികളുടെ അപേക്ഷ പരിഗണിക്കാതെ പോയത്. ഇത് മനസ്സിലാക്കിയ കിനാനൂർ വില്ലേജ് ഓഫീസർ, കിനാനൂർ കരിന്തളം പഞ്ചായത്ത് സെക്രട്ടറിക്ക് പഞ്ചായത്ത് അധീന ഭൂമിയാണെങ്കിൽ അത് സ്ഥാപിക്കുന്നതിനുള്ള രേഖകൾ ലഭ്യമാക്കാൻ കത്തു നൽകുകയായിരുന്നു. പഞ്ചായത്ത് രേഖകൾ പരിശോധിച്ച് രേഖകളിൽ ഈ വസ്തു പഞ്ചായത്ത് അധീനഭൂമിയല്ലെന്ന് ഉറപ്പിച്ചതിനുശേഷമാണ് വില്ലജ് ഓഫീസറായ ആർ. മധുസൂധനൻ വെള്ളരിക്കുണ്ട് തഹസിൽദാർ മുൻപാകെ പട്ടയ ശുപാർശ സമർപ്പിച്ചത്. പട്ടയ നടപടികൾ അവസാന ഘട്ടത്തിലാണെന്നും അടുത്തമാസം നടക്കുന്ന പട്ടയമേള യിൽ പട്ടയങ്ങൾ നൽകാനാവുമെന്നും വില്ലേജ് ഓഫീസർ അറിയിച്ചു. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന പതിമൂന്നോളം കുടുംബങ്ങൾക്കാണ് ഇതുവഴി ഭൂമി ലഭ്യമാകുന്നത്. ഈ കുടുംബങ്ങൾക്ക് ഓരോരുത്തർക്കും 2 സെൻ്റ് ഭൂമിയാണ് ലഭിക്കുക.
പദ്ധതിപ്രകാരം വീടുകൾ നിർമിച്ചതിലെ അശാസ്ത്രീയത കൊണ്ടാണ് ഭൂമി 2 സെൻ്റ് മാത്രമായി ചുരുങ്ങിയതെന്നും അല്ലായിരുന്നുവെങ്കിൽ ചുരുങ്ങിയത് അഞ്ച് സെൻ്റ് ഭൂമിയെങ്കിലും നൽകാനാവുമായിരുന്നുവെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.
No comments