ഞാറ് നടൽ വാണിയംപാറ നാടിന്റെ ഉത്സവമായി...ചങ്ങമ്പുഴ വനിത വേദി അള്ളംകോട് വയലിൽ നെൽകൃഷി ആരംഭിച്ചു
പഴമയുടെ താളം പിടിച്ച് നാട്ടിപാട്ടിന്റെ ഈണത്തിൽ വയലിൽ സന്തോഷത്തിന്റെ പച്ചപ്പ് വിരിയുന്നു. വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി ഏറെ ശ്രദ്ധേയരായ വാണിയപാറ ചങ്ങമ്പുഴ കലാ കായിക വേദിയുടെ നേതൃത്വത്തിൽ വേദിയുടെ വനിതാ കൂട്ടായ്മയായ ചങ്ങമ്പുഴ വനിതാവേദി നാട്ടിലെ സ്ത്രീകളെയും പൊതു ജനങ്ങളെയും സംഘടിപ്പിച്ചു കൊണ്ട് നെൽകൃഷിക്കായി തരിശായി കിടന്ന സ്ഥലത്ത് ഞാറ് നട്ടു.
തിമിർത്തു പെയ്യുന്ന മഴയിലും വയലിൽ ഉത്സവ മേളം തീർത്തു കൊണ്ട് എല്ലാവരും ആവേശത്തോടെ ഞാറു നടലിൽ പങ്കാളികളായി. നാളുകളായുള്ള പരിശ്രമങ്ങളുടെ ഫലം മികച്ച വിളവ് നൽകുമെന്നു തന്നെയാണ് പ്രവർത്തകരുടെ പ്രതീക്ഷ. കൂട്ടായ്മയിൽ വിരിയുന്ന കതിരുകൾക്ക് ഒരുമയുടെ സംഗീതം കൂടിയുണ്ട്.
വാണിയമ്പാറ അള്ളകോട് വയലിൽ നടന്ന ഞാറു നടലിനു വനിതാവേദി സെക്രട്ടറി വിനീത, പ്രസിഡന്റ് മനോജ ചങ്ങമ്പുഴ ഭരണസമിതി അംഗങ്ങളായ പ്രേമ കുഞ്ഞകൃഷ്ണൻ, ലീല കൃഷ്ണൻ എന്നിവർ നേതൃത്വം വഹിച്ചു. ചങ്ങമ്പുഴ സെക്രട്ടറി നിതീഷ് കുമാർ, പ്രസിഡന്റ് ജയേഷ് കുമാർ മൂലക്കേവീട്, ട്രഷറർ സുർജിത്ത് വടക്കേക്കര, ക്ലബ് ഭരണ സമിതി അംഗങ്ങൾ എന്നിവർ ആവശ്യമായ സഹായവും നിർദേശങ്ങളും നൽകി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. വേദിയിലെ മുതിർന്ന പ്രവർത്തകരോടൊപ്പം ബാലവേദി പ്രവർത്തകരും വയലിൽ ഇറങ്ങി.
കൃഷിയിലേക്ക് പുതിയ തലമുറയെ കൂടി ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഇത്തരം പ്രവർത്തനങ്ങൾ.
No comments