Breaking News

ഡി വൈ എഫ് ഐ ചീമേനി മേഖല സമ്മേളനത്തിന്റെ ഭാഗമായി പുലിയനൂരിൽ കണ്ടംവോളി സംഘടിപ്പിച്ചു ഡി വൈ എഫ് ഐ ചന്ദ്രവയൽ ജേതാക്കളായി...


ചീമേനി : പുലിയന്നൂർ കണ്ടത്തിലെ ചേറിനോടും തകർത്തുപെയ്യുന്ന മഴയോടും പടവെട്ടി ഐ ഷാൾ' എന്നു വിളിച്ച് പന്തുതട്ടാൻ എല്ലാവർക്കും ആവേശം തന്നെയായിരുന്നു. ചെളിയിൽ വീണുരുണ്ട് അവർ കരുത്തൻ സ്മാഷുകൾ തടുത്തു. ചെളിയായിട്ടും ജമ്പിങ് സർവുചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല. സെർവ് ചെയ്യാൻ ചാടുന്നതിനിടെ നിലതെറ്റി ചെളിയിൽ വീണപ്പോൾ വരമ്പത്തുനിന്ന് ചിരിക്കോളുമുയർന്നു. അതിനിടെ ഡിവൈഎഫ്എ ചന്ദ്രവയലിന്റെ ആനന്ദിന്റെ കിടിലൻ സ്മാഷിനിടെ എതിർടീമിന് പ്രതിരോധിക്കാനാവാത്ത പന്ത് ചെളിയിൽ പൂണ്ടുപോയതും ചിരിക്കാഴ്ചയായി. അങ്ങിനെ ചെളിയിൽ വീണുരുണ്ടും കണ്ടത്തിൽ ആഞ്ഞുചാടിയും പോയിന്റിനായി ടീമുകൾ വെമ്പൽക്കൊള്ളുമ്പോൾ കാണികൾ കൈകൊട്ടി

പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. ആർത്തിരമ്പിപ്പെയ്യുന്ന മഴയുടെ വായടപ്പിക്കാൻ. ഇഷ ഫൗണ്ടേഷന്റെ ഭാഗമായി കൊയമ്പത്തൂരിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന അഴീക്കോടൻ ചന്ദ്രവയലിലെ താരങ്ങളും നിറഞ്ഞുകളിച്ചു. 'മഴക്കളി'യായതിനാൽ കണ്ടം വോളിയിൽ നിയമങ്ങൾക്ക് ചില മാറ്റങ്ങളുണ്ട്. മത്സരങ്ങളിൽ കളിക്കാർക്ക് ബൂട്ട് ഉപയോഗിക്കാനായിരുന്നില്ല. ഡിവൈഎഫ്ഐ പുലിയന്നൂർ, ചീർക്കുളം, ചന്ദ്രവയൽ യൂണിറ്റുകളാണ് ചീമേനി മേഖലാസമ്മേളനത്തിന്റെ ഭാഗമായി കണ്ടംവോളി സംഘടിപ്പിച്ചത്. പീവീസ് ഹാർഡ്വേർസ് ചായ്യോത്ത്, വിന്നേഴ്സ് കാലിക്കടവ്, തട്ടുമ്മൽ ബ്രദേഴ്സ്, ഡിവൈഎഫ്ഐ ചന്ദ്രവയൽ, യുനൈറ്റഡ് കൊമ്പനടുക്കം, എൻഎഎസ്സി പൊതാവൂർ, നവപ്രഭ ചാൾ, ഹാഷ്മി കക്കോട് തുടങ്ങിയ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരം പഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത്കുമാർ ഉദ്ഘാടനം ചെയ്തു. കെ രമ്യ അധ്യക്ഷയായി. അണ്ടർ 20 ഇന്ത്യൻ വോളി താരം അക്ഷയ് പ്രകാശ്, എം കെ നളിനാക്ഷൻ, കെ സജേഷ്, പി വി പ്രജിത്ത്, കെ ഷിബിൻ, സനാത്, ഒ കെ വിപിൻകുമാർ എന്നിവർ സംസാരിച്ചു. സന്തോഷ് സ്വാഗതവും ഷിജിന നന്ദിയും പറഞ്ഞു.

No comments