ഡ്രോൺ പരിശോധനയിൽ വിള്ളൽ കണ്ടെത്തി മാസങ്ങൾ പിന്നിട്ടിട്ടും സുരക്ഷാ നടപടി ഒരുക്കിയില്ല വീരമലയിലെ മണ്ണിടിച്ചിൽ വിളിച്ചു വരുത്തിയത്
ചെറുവത്തൂർ • ഡ്രോൺ പരിശോധനയിൽ വിള്ളൽ കണ്ടെത്തി മാസങ്ങൾ പിന്നിട്ടിട്ടും സുരക്ഷാ നടപടി ഒരുക്കിയില്ല. വീരമലയിലെ മണ്ണിടിച്ചിൽ വിളിച്ചു വരുത്തിയത്. ദേശീയപാതയ്ക്ക് വേണ്ടി അശാസ്ത്രീയമായ രീതിയിൽ മണ്ണെടുപ്പ് നടന്ന വീരമലയിൽ തുടരെത്തുടരെ മണ്ണ് ഇടിഞ്ഞുവീഴുന്നതിനാൽ ഇവിടെ കലക്ടർ ഇടപെട്ട് ഡോൺ പറത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ മലയിൽ വലിയ തോതിൽ വിള്ളൽ വീണതായി കണ്ടെത്തിയിരുന്നു.ഇതിനെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാവാതിരിക്കാൻ വേണ്ട നടപടി ഒരുക്കണം എന്ന് കലക്ടർ ബന്ധപ്പെട്ട കരാർ കമ്പനിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് കലക്ടർ പറഞ്ഞത്. പരിശോധനയുടെ ഫലമായി വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്നലെ ഉണ്ടായ അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ സംഭവസ്ഥലത്ത് എത്തിയ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരോട് നാട്ടുകാർ ഇക്കാര്യം പറഞ്ഞ് രോഷം പ്രകടിപ്പിച്ചു.
No comments