Breaking News

നീലേശ്വരം- ഇടത്തോട് റോഡിൽ പേരോലിൽ റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കാനുള്ള ടെൻഡറിന് അനുമതിയായി


നീലേശ്വരം : നീലേശ്വരം--- ഇടത്തോട് റോഡിൽ പേരോലിൽ റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കാനുള്ള ടെൻഡറിന് അനുമതിയായി. നീലേശ്വരം റെയിൽവേ മേൽപ്പാലം മുതൽ താലൂക്കാശുപത്രിവരെ റോഡ് വീതി കൂട്ടാനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനാണ് അനുമതി. ഇതിനായി കെആർ എഫ്ബി പ്രോജക്ട് ഡയറക്ടർ മുഖേന സമർപ്പിച്ച ടെൻഡർ സംസ്ഥാന ധനകാര്യ വകുപ്പും പൊതുമരാമത്ത് സെക്രട്ടറിയും അംഗീകരിച്ച് ഉത്തരവായി. ഇതുസംബന്ധിച്ച ഉത്തരവ് കരാറുകാരന് ഉടൻ നൽകും. പല തവണ ഓൺലൈൻ ടെൻഡർ വെച്ചുവെങ്കിലും ആരും കരാറെടുത്തിരുന്നില്ല. പിന്നീട് ലേല നടപടികളിലൂടെയാണ് കരാർ സമർപ്പിച്ചത്. 2025 ജനുവരിയിൽ സർക്കാരിലേക്ക് സമർപ്പിച്ച ലേല നടപടിക്കാണ് അംഗീകാരം.സംസ്ഥാന സർക്കാർ 2018ൽ 42.10 കോടി രൂപ കിഫ്ബി പദ്ധതിയിൽപ്പെടുത്തി അനുവദിച്ച പ്രവൃത്തി 2019ൽ തന്നെ ടെൻഡർ നടപടി പൂർത്തീകരിച്ച് കരാറുകാരനെ ഏൽപ്പിച്ചിരുന്നു. കരാറുകാരന്റെ അനാസ്ഥകാരണം ഇതുവരെ നിർമാണം പൂർത്തിയാക്കാനായില്ല. തുടർന്നാണ് എം രാജഗോപാലൻ എംഎൽഎ ഉൾപ്പെടെ ഇടപെട്ട് കരാർ റദ്ദ് ചെയ്ത് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. നീലേശ്വരം റെയിൽവേ ഓവർ ബ്രിഡ്ജ് മുതൽ 1.3 കിലോമീറ്റർ ദൈർഘ്യത്തിൽ താലൂക്ക് ആശുപത്രിവരെ ഏറ്റെടുത്ത ഭൂമിയിലുള്ള കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുക. ഭൂമി ഏറ്റെടുത്ത് ഭൂമി - കെട്ടിട ഉടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാരതുക കിഫ്ബി റവന്യൂവകുപ്പ് മുഖാന്തിരം നൽകിയിരുന്നു. കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതോടെ മലയോര മേഖലയെയും നീലേശ്വരം നഗരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു.

No comments