വായന ചലഞ്ച് സംഗമവും പുരസ്കാര സമർപ്പണവും 12 ന് ശനിയാഴ്ച കമ്പല്ലൂരിൽ
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തും ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതിയും ചേർന്ന് ഇക്കഴിഞ്ഞ അവധിക്കാലത്താണ് പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചു മാത്യു മാഞ്ഞൂർ സ്മാരക വായന ചാലഞ്ച് (സീസൺ-2) സംഘടിപ്പിച്ചത്. 30, 50, 75 എന്നിങ്ങനെ പുസ്തകങ്ങൾ വായിച്ച് ആസ്വാദനം തയ്യാറാക്കാനായിരുന്നു ചാലഞ്ച്. 600 കുട്ടികളാണ് പങ്കെടുത്തത്. ഇതിൽ 227 പേർ വിജയികളായി. വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും 75 പുസ്തകങ്ങൾ വായിച്ചു ഡയമണ്ട് ചാലഞ്ച് പൂർത്തിയാക്കിയ 60 വിദ്യാർഥികൾക്ക് ഉപഹാരങ്ങളും ഹരിതം ബുക്സ് ഏർപ്പെടുത്തിയ പുസ്‌തക സമ്മാനവും നൽകും.
ഏറ്റവും കൂടുതൽ പേർ ചാലഞ്ച് പൂർത്തീകരിച്ച കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനും, കമ്പല്ലൂർ സിആർസി ലൈബ്രറിക്കും ഈസ്‌റ്റ് എളേരിയിലെ ജനകീയ ഗ്രന്ഥശാല പ്രവർത്തകനായിരുന്ന മാത്യു മാഞ്ഞുരിൻ്റെ പേരിലുള്ള പുരസ്‌കാരങ്ങളും 5000 രൂപയുടെ വീതം പുസ്‌തകങ്ങളും നൽകും. ചാലഞ്ചിൽ മികച്ച പ്രവർത്തനം കാഴ്‌ചവച്ച 2 ലൈബ്രേറിയൻമാർക്കും, 2 വായന ഡയറികൾക്കും കാഷ് അവാർഡ് നൽകും. മികച്ച വായന കുറിപ്പുകൾ തയ്യാറാക്കിയ വിദ്യാർഥികളേയും മികവുകാട്ടിയ ലൈബ്രേറിയൻമാരെയും ചടങ്ങിൽ ആദരിക്കും. തുടർന്നു നടക്കുന്ന സമ്മാനപ്പുലരി, മധുരം മലയാളം, പേജുകൾക്കപ്പുറം, വായനതീവണ്ടി എന്നീ സെഷനുകൾക്ക് ബാലസാഹിത്യകാരൻ സുനിൽ കുന്നരു, ബിനോയ് മാത്യു, ജിതേഷ് കമ്പല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകും.
പരിപാടിയുടെ വിജയത്തിനായി കമ്പല്ലൂർ സിആർസി ലൈബ്രറിയിൽ സംഘാടക സമിതി യോഗം ചേർന്നു. ഈസ്റ്റ് എളേരി പഞ്ചായത്ത് അംഗം പി.വി. സതീദേവി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.സി. അനിൽകുമാർ അധ്യക്ഷനായി.
ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ, ജില്ലാ കൗൺസിലർ കെ.കെ. ദിപിൻ, കെ.പി. ബൈജു മാസ്റ്റർ, ജിതേഷ് കമ്പല്ലൂർ, കെ.പി.ദാമോദരൻ, കെ.വി.രവി തുടങ്ങിയവർ സംസാരിച്ചു.
പി.വി.സതീദേവി (ചെയർപേഴ്സൺ), പി.ഡി.വിനോദ് (കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാക സമിതിയും രൂപീകരിച്ചു.
വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
No comments