'മലയോരത്ത് വന്യജീവി ആക്രമണം വർദ്ധിക്കുന്നതിന് ഉത്തരവാദി വനം വകുപ്പ്': മലയോര കർഷക കൂട്ടായ്മ
കാഞ്ഞാങ്ങാട്: കേരളത്തിൻ്റെ മലയോരങ്ങളിൽ വന്യജീവി ആക്രമണം രൂക്ഷമായതിൻ്റെ കാരണം വനം വകുപ്പിൻ്റെ വിഴ്ചകളാണെന്ന കണക്കുകളുന്നയിച്ചു കൊണ്ട് മലയോര കർഷകർ പൊതു സമൂഹത്തിലേക്കിറങ്ങുന്നു. ആഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ടിൽ ആരംഭിക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ മുന്നോടിയായി കാഞ്ഞാങ്ങാട് ശ്രമിക് ഭവനിൽ വനം വകുപ്പിനെ കുറ്റവിചാരണ ചെയ്യുന്ന പരിപാടിയിൽ ഒട്ടേറെ ആക്ഷേപങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഓരോ വനമേഖലയിലെയും വന്യമൃഗവാഹക ശേഷി സംബന്ധിച്ച ശാസ്ത്രീയ പഠനം നടത്താൻ കൂട്ടാക്കാത്തതു മുതൽ ജീവനഷ്ടത്തിനും കൃഷി നഷ്ടത്തിനും നാമമാത്ര നഷ്ടപരിഹാരം മാത്രം നൽകുന്ന സമീപനം വരെ പരിപാടിയിൽ കണക്കുകളുടെ പിൻബലത്തോടെ ചോദ്യം ചെയ്യപ്പെട്ടു.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ബിനോയി തോമസ് കുറ്റവിചാരണ പ്രസംഗം നടത്തി. പൊതു സമൂഹ പ്രതിനിധികളെന്ന നിലയിൽ പി.കെ. ഷേർളി, കെ.വി.രാഘവൻ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, അമ്പലത്തറ കുഞ്ഞുകൃഷ്ണൻ, ഐശ്വര്യ കുമാരൻ, ഷാജി കാടമന തുടങ്ങിയവർ കുറ്റവിചാരണയോട് പ്രതികരിച്ചു കൊണ്ട് സംസാരിച്ചു.
സണ്ണി പൈകട സ്വാഗതവും ബേബി ചെമ്പരത്തി കൃതജ്ഞതയും പറഞ്ഞു.
സണ്ണി പൈകട (ചെയർമാൻ, കർഷകസ്വരാജ് സത്യാഗ്രഹ സമിതി)
No comments