'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ അറസ്റ്റിൽ
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ അറസ്റ്റ് ചെയ്തു. സൗബിനൊപ്പം നിര്‍മ്മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവരെയും അറസ്റ്റ് ചെയ്തു. എന്നാല്‍ മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ഇവരെ വിട്ടയച്ചു.
കേസ് അന്വേഷിക്കുന്ന മരട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിർദേശമുണ്ട് ഇതിനാലാണ് ജാമ്യം നല്‍കിയത്. പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
നേരത്തെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ പ്രതികള്‍ക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സാമ്പത്തിക തട്ടിപ്പിന് പ്രതികൾക്കെതിരെ തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തന്നെ തളളിയതാണെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. സിനിമ വഴി ലഭിച്ച വരുമാനത്തെപ്പറ്റി കൃത്യമായ പരിശോധന വേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.
No comments