മുക്കട - അരയാക്കടവ് തീരദേശ റോഡിലെ കാടുകൾ വെട്ടിത്തെളിച്ച് വേളൂർ പ്രിയദർശിനി ക്ലബ്ബ്
കരിന്തളം: മരങ്ങളും കാടുകളും റോഡിലേക്ക് പടർന്നു പന്തലിച്ച് വാഹനഗതാഗതം തടസ്സപ്പെടുകയും പൊതുജനങ്ങൾക്ക് സുരക്ഷാഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിൽ തീരദേശ റോഡരികിലെ മരങ്ങളും കാടുകളും വേളൂർ പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടു കൂടി വെട്ടിത്തെളിച്ചു ശുചീകരിച്ചു.വേളൂർ മൊട്ടക്കുന്ന് മുതൽ പാറക്കോൽ പാലം വരെയുള്ള ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടു കൂട്ടായ്മയിൽ ശുചീകരണം നടത്തിയത്. ശുചീകരണ പ്രവർത്തനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50 ലധികം പേർ പങ്കാളികളായി.കെ എസ് ആർ ടി സി ഉൾപ്പെടെ മൂന്ന് ബസുകൾ ഇതിലൂടെ സർവീസ് നടത്തുന്നുണ്ട്. കൂടാതെ വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതിലൂടെ കടന്നു പോകുന്നത്.പലപ്പോഴും മരത്തിന്റെ കൊമ്പുകളിൽ തട്ടി ബസിന്റെ ഗ്ലാസ് പൊട്ടുന്നത് പതിവാണ്.പൊതുവേ വീതി കുറഞ്ഞ തീരദേശ റോഡിൽ കാടു കയറി വാഹനങ്ങൾക്ക് സൈഡ് കൊടുക്കുവാൻ പോലും പറ്റാത്ത അവസ്ഥ വന്നപ്പോൾ അത് മറ്റ് അപകടങ്ങളിലേക്കും പോകുന്ന സാഹചര്യത്തിലാണ് തീർത്തും മാതൃകാപരമായ പ്രവർത്തനവുമായി വേളൂർ പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രംഗത്ത് വന്നത് ശ്രദ്ധേയമായി. ഇത് ജനങ്ങൾക്ക് വലിയ ആശ്വാസവുമായിരിക്കുകയാണ്.
മുക്കട -അരയാക്കടവ് റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത് വീതി കൂട്ടി വളവുകൾ കുറച്ചു കൊണ്ട് മെക്കാഡം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നാണ് ക്ലബ്ബ് പ്രവർത്തകർ സംസ്ഥാന സർക്കാറിനോടും ജില്ലാ പഞ്ചായത്തിനോടും ആവശ്യപ്പെടുന്നത്. റോഡിന് വീതി കുറഞ്ഞതിനാൽ ഇതിലൂടെയുള്ള ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വലിയ പ്രയാസമാണ് അനുഭവപ്പെടുന്നത്.ശുചീകരണ പ്രവർത്തനത്തിന് അജയൻ വേളൂർ, രജീഷ് കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി.
No comments