പനത്തടി ചാമുണ്ഡിക്കുന്നിൽ സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ നിന്നും ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം
രാജപുരം • പനത്തടി വില്ലേജിൽ ചാമുണ്ഡിക്കുന്നിൽ സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽനിന്നു ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം. മുറിച്ചിട്ട് ചന്ദനമുട്ടികൾ ഇന്നലെ റവന്യു, ഫോറസ്റ്റ് അധികൃതർ പരിശോധന നടത്തി. ചന്ദനമരം മുറിച്ചിട്ടത് ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തുടർനടപടിക്കായി രാജപുരം പൊലീസിൽ പരാതി നൽകുമെന്നു പനത്തടി വില്ലേജ് അധികൃതർ പറഞ്ഞു.
ഭൂമി പതിച്ചു കിട്ടിയ വ്യക്തിയാണു ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ചതെന്നു തെളിഞ്ഞാൽ പട്ടയം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നാണു സൂചന. ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്കൂളിനു സമീപം 50 ഏക്കർ വനഭൂമിയാണു വിവിധ പട്ടയങ്ങളിലായി പതിച്ചു നൽകിയിട്ടുള്ളത്. ആദ്യഘട്ട പരിശോധനയിൽ മുറിച്ച ചന്ദനമരത്തിന്റെ കുറ്റി കണ്ടെത്താൻ സാധിച്ചിട്ടില്ല.
No comments