പാണത്തൂർ പുഴയിൽ കാണാതായി എന്ന് സംശയിക്കുന്ന കർണാടക സ്വദേശിയായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
പാണത്തൂർ : മഞ്ഞടുക്കം പുഴയിൽ കാണാതായി എന്ന് സംശയിക്കുന്ന പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ പാണത്തൂർ ഡിവിഷനിൽ പണിക്കു വന്ന ഹിറ്റാച്ചി ഡ്രൈവറുടെ സഹായിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും വിഫലം.
വ്യാഴാഴ്ച ഉച്ചയോടെയാണ് താമസ സ്ഥലമായ കരിക്കെ തോട്ടത്തിലേക്ക് മഞ്ഞടുക്കം പാലം കടന്ന് KA 21 H 0496 നമ്പർ ബൈക്കിൽ വന്ന കർണാടക ബൽഗാം സ്വദേശിയായ ദുർഗ്ഗപ്പ (17) നെ കാണാതായതായി ഡ്രൈവർ രാജപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പുഴകടന്ന് ബൈക്കിൽ ഭക്ഷണം എടുക്കാൻ പോയ സഹായി തോട്ടത്തിലെ താമസ സ്ഥലത്തോ, തിരിച്ച് പ്ലാൻ്റേഷനിലോ എത്തിയില്ല എന്ന് കാട്ടിയാണ് ഡ്രൈവർ പരാതി നൽകിയത്. ഫോൺ സ്വിച്ച് ഓഫ് കൂടിയാണ്. പ്ലാനേഷനിൽ നിന്നും മഞ്ഞടുക്കം പുഴ കടന്നു വേണം തോട്ടത്തിൽ എത്താൻ. മറുകര കടക്കാൻ പുഴയിൽ ഒരു ചപ്പാത്ത് ഉണ്ടെങ്കിലും കുറച്ച് ദിവസമായി ശക്തമായ മഴയിൽ അതിൻ്റെ മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ആ സമയം മഞ്ഞടുക്കം പുഴയിൽ ശക്തമായ വെള്ളം ഉണ്ടായതിനാൽ ഇദ്ദേഹം ഒഴുക്കിൽപ്പെട്ട് പോയതാകാം എന്ന് സംശയിച്ചാണ് തിരച്ചിൽ നടത്തുന്നത്. പോലീസ്, ഫയർഫോഴ്സ്, റവന്യൂ, പഞ്ചായത്ത്, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തുന്ന തിരച്ചിലിൽ യുവാവിനെ കുറിച്ച് ഇതുവരെയായി ഒരു വിവരവും ലഭിച്ചിട്ടില്ല. കളക്ടറുടെ നിർദ്ദേശാനുസരണം എൻ.ടി.ആർ.എഫ് സംഘം സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. നാളെയും കൂടി തിരച്ചിൽ നടത്താനാണ് തീരുമാനം. പുഴയിലെ കലങ്ങിയ വെള്ളവും, ശക്തമായ ഒഴുക്കും തിരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
No comments