Breaking News

തൃക്കണ്ണാട്ട് കണ്ണില്‍ പൊടിയിടാന്‍ അനുവദിക്കില്ല : എം.എല്‍. അശ്വിനി



തൃക്കണ്ണാട് : മത്സ്യത്തൊഴിലാളികളുടെ വീടുകളും സ്വത്തുവകകളും ത്രയംബകേശ്വര ക്ഷേത്രമണ്ഡപവും സംരക്ഷിക്കാതെ അപകടത്തിലായ സംസ്ഥാനപാത മാത്രം സംരക്ഷിക്കാനാണ് സംസ്ഥാന - ജില്ലാ ഭരണകൂടങ്ങളുടെ ശ്രമമെങ്കില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ബിജെപിയുടെ നേതൃത്വത്തില്‍ തടയുമെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അനുവദിക്കില്ലെന്നും ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു. കടല്‍ക്ഷോഭം കാരണം അപകടാവസ്ഥയിലായ തൃക്കണ്ണാട് മേഖലയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അവര്‍.


തീരദേശവാസികളുടെ വീടുകള്‍ ഉള്‍പ്പെടെയുള്ള സ്വത്തുവകകളും നിരവധി സ്ഥാപനങ്ങളും അപകടാവസ്ഥയിലായിട്ട് മാസങ്ങളായിട്ടും ചെറുവിരലനക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സംസ്ഥാനപാത അപകടത്തിലായത് കൊണ്ടു മാത്രമാണ് 23 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കാന്‍ സംസ്ഥാന - ജില്ലാ ഭരണകൂടങ്ങള്‍ തയ്യാറായത്. കര്‍ക്കടക ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കേണ്ടിയിരുന്ന കടല്‍ത്തീരം പൂര്‍ണമായും അപകടാവസ്ഥയിലാണ്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള അതീവ പ്രസിദ്ധമായ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമായിട്ടും അധികൃതര്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണെന്ന് അശ്വിനി കുറ്റപ്പെടുത്തി.


ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സുനില്‍ പി.ആര്‍, എന്‍. ബാബുരാജ്, ഉദുമ മണ്ഡലം പ്രസിഡന്റ് ഷൈനിമോള്‍, വൈസ് പ്രസിഡന്റ് തമ്പാന്‍ അച്ചേരി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.


 

No comments