Breaking News

പ്രണയത്തിന് പ്രായം തടസമായില്ല, 79ാം വയസിൽ 75കാരിയുടെ കരം പിടിച്ച് വിജയരാഘവൻ


തൃശൂര്‍: പ്രണയത്തിനും ഒന്നിച്ച് ജീവിക്കാനുമുള്ള ആഗ്രഹത്തിനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വിജയരാഘവനും സുലോചനയും. വൃദ്ധസദനത്തില്‍നിന്ന് വിജയരാഘവന്‍ സുലോചനയുടെ കൈ പിടിച്ചിരിക്കുന്നത് പുതിയൊരു ജീവിതത്തിലേക്കാണ്. തൃശൂര്‍ ഗവ. വൃദ്ധ സദനത്തില്‍നിന്നാണ് വിജയരാഘവനും സുലോചനയും ഒരുമിച്ചൊരു യാത്ര ആരംഭിക്കുന്നത്. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് 79 കാരനായ വിജയരാഘവനും 75 വയസുള്ള സുലോചനയും വിവാഹിതരായത്.

പേരാമംഗലം സ്വദേശിയായ വിജയരാഘവന്‍ 2019 ലും ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് തൃശൂര്‍ ഗവണ്‍മെന്റ് വൃദ്ധസദനത്തില്‍ എത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം സാമൂഹ്യനീതി വകുപ്പ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഇരുവരും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താന്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും, ഡയറക്ടറും വകുപ്പ് ഉദ്യോഗസ്ഥരും വൃദ്ധസദനം മാനേജ്മെന്റ് കമ്മിറ്റിയും ഒരുക്കങ്ങള്‍ നടത്തി ഇവരുടെ വിവാഹം നടത്തുകയായിരുന്നു.

മന്ത്രി ഡോ. ആര്‍. ബിന്ദു, മേയര്‍ എം.കെ. വര്‍ഗീസ് എന്നിവര്‍ വിവാഹത്തിന് സാക്ഷ്യം വഹിച്ചു. ജീവിത സായന്തനത്തില്‍ സന്തോഷവും സ്നേഹവും പങ്കുവെച്ചുകൊണ്ട് ഹൃദ്യമായ ഒരു ദാമ്പത്യം ഇവര്‍ക്കുണ്ടാകട്ടെ എന്നും ഇരുവര്‍ക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട് സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നവദമ്പതികള്‍ക്ക് മധുരം നല്‍കി. മേയര്‍ എം വര്‍ഗീസും ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള മുരളീധരന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍. പ്രദീപന്‍, വൃദ്ധസദനം സൂപ്രണ്ട് രാധിക, കൗണ്‍സിലര്‍മാര്‍, വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികള്‍ തുടങ്ങിയവര്‍ ഇരുവരുടെയും സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

No comments