പുതിയ കെട്ടിടം വന്നപ്പോൾ നാട്ടുമാവ് മുറിച്ചു മാറ്റാതെ പറിച്ചുനട്ട് ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കളിമുറ്റം പൂർവ വിദ്യാർത്ഥി കൂട്ടായ്മ
ബന്തടുക്ക : സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ച നാട്ടുമാവ് പുതിയ കെട്ടിടം വന്നപ്പോൾ മുറിച്ചു മാറ്റാതെ പറിച്ചുനട്ട് ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കളിമുറ്റം പൂർവ വിദ്യാർത്ഥി കൂട്ടായ്മ. യന്ത്ര സഹായത്തോടെ വേരുകൾക്ക് മുറിവുപറ്റാതെ മാവ് പറിച്ചെടുക്കുകയും സ്കൂൾ ഗ്രൗണ്ടിനരികിൽ നേരത്തെ തയ്യാറാക്കി ഒരുക്കിവച്ച കുഴിയിൽ നട്ടു പിടിപ്പിക്കുകയും ചെയ്തു.വളർന്നു വലുതായ മരം മുറിച്ചുമാറ്റാതെ മറ്റൊരു സ്ഥലത്ത് വേരോടെ പിഴുതെടുത്ത് സംരക്ഷിക്കുന്ന രീതി സ്കൂളിലെ വിദ്യാർഥികൾക്ക് പുതിയ അറിവായി. രണ്ട് മീറ്റർ വിസ്തൃതിയിലും താഴ്ചയിലും കുഴിയെടുത്ത് ആവശ്യമായ ചാണക വളം നൽകി നിലം ഒരുക്കി. കൂടാതെ വേരുപിടിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ, വേരുരോഗങ്ങളെ തടയാൻ സഹായിക്കുന്ന സ്യൂഡോമോണസ് കുമിൾ നാശിനിയായ കോപ്പർ ഓക്സി ക്ലോറൈഡും നൽകി.മരം മുറിച്ചു മാറ്റാനുള്ളതല്ല, പറിച്ചെടുത്തു നടുന്നതിലൂടെ വലിയൊരു സന്ദേശമാണ് പ്രവൃത്തിയിലൂടെ നൽകിയതെന്ന് നേതൃത്വം നൽകിയവനം വകുപ്പ് ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എൻ വി സത്യൻ പറഞ്ഞു. സോഷ്യൽ ഫോറസ്ട്രി കാസർകോട് റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ ബാലകൃഷ്ണൻ, ഹോസ്ദുർഗ് റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി സി യശോദ, ആർആർടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ് എസ് അശോകൻ, ആർആർടി ജീവനക്കാരായ പി രവീന്ദ്രൻ, എ അമൽ എന്നിവരും കളിമുറ്റം അംഗങ്ങളും നേതൃത്വം നൽകി. സ്കൂളിൽ നടന്ന യോഗത്തിൽ കൃഷ്ണൻ മേലത്ത് അധ്യക്ഷനായി. തമ്പാൻ കെ മീയ്യങ്ങാനം, ആർആർടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ വി സത്യൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി സി യശോദ, രാധാകൃഷ്ണൻ കനക്കരംകോടി, പ്രധാനധ്യാപകൻ ഇൻ ചാർജ് ബി എസ് സന്ദീപ, സി ഡി വിജയകുമാർ, പി ഹൈമാവതി എന്നിവർ സംസാരിച്ചു.
No comments