തുടർച്ചയായി വാഹനാപകടങ്ങൾ സംഭവിക്കുന്ന പനത്തടി റാണിപുരം റോഡിൽ പെരുതടി അംഗൻവാടി വളവ് വീതി കൂട്ടി ഡിവൈഡറും, സൂചനാ ബോർഡുകളും സ്ഥാപിക്കണം ; അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി
പനത്തടി : പനത്തടി റാണിപുരം റോഡിൽ തുടർച്ചയായി അപകടം സംഭവിക്കുന്ന പെരുതടി അംഗൻവാടി വളവ് വീതി കൂട്ടി ഡിവൈഡറുകളും, സിഗ്നൽ ബോർഡുകളുകളും സ്ഥാപിക്കാൻ ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി നിയോജകമണ്ഡലം സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ഇന്ന് ജില്ലാ കളക്ടറെ സന്ദർശിച്ചാണ് അദ്ദേഹം കളക്ടർക്ക് നിവേദനം നൽകിയത്. റോഡിൻ്റെ അപകടാവസ്ഥയെ കുറിച്ച് വളരെ വിശദമായി തന്നെ അദ്ദേഹം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തരമായി മേൽ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും കൂക്കൾ ബാലകൃഷ്ണൻ പറഞ്ഞു. റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള ഈ റോഡിൽ പെരുതടി അംഗൻവാടിക്ക് സമീപം വലിയ ഇറക്കവും വളവുമാണ്. ഇവിടെ നിരവധി വാഹനങ്ങളാണ് സ്ഥിരമായി അപകടത്തിൽപ്പെടുന്നത്. ഈ വളവിനോട് ചേർന്ന് മേൽഭാഗം പഴയ അംഗൻവാടി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. ഈ സ്ഥലം ഗവൺമെൻറ് അനുമതിയോടു കൂടി വീതി കൂട്ടിഡിവൈഡറുകളും,സൂചനാ ബോർഡുകളും സ്ഥാപിച്ചാൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും, ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ പ്രദേശത്ത് സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം നൽകിയ നിവേദനത്തിൽ പറയുന്നു.
No comments