പതിറ്റാണ്ടുകൾ മാറ്റമില്ലാത്ത 8 പേരുടെ ജീവിതചര്യ, 70 കഴിഞ്ഞെങ്കിലും ചെറുപ്പക്കാരേക്കാൾ 'അപ്ഡേറ്റഡ്'; സ്നേഹാദരങ്ങളോടെ നാട്
കോഴിക്കോട്: പതിറ്റാണ്ടുകള്‍ മുന്‍പ് പീടിക കോലായിലിരുന്ന് ചായ കുടിക്കുമ്പോള്‍ വെറുതേ നടത്തിയിരുന്ന പത്രവായനയില്‍ നിന്ന് ആ എട്ട് പേര്‍ ഇന്ന് ഏറെ മാറിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലൂള്ള ആധുനിക സാങ്കേതിക വിദ്യകളും ലോകത്ത് അനുദിനം നടക്കുന്ന സംഭവവികാസങ്ങളും ഇന്ന് അവര്‍ക്ക് ഏറെ സുപരിചിതമാണ്. ചാത്തമംഗലം പാഴൂരിലെ 60ഉം 70ഉം പിന്നിട്ട എട്ട് വയോധികരാണ് വായനാലോകത്തെ വേറിട്ട താരങ്ങളായി മാറിയിരിക്കുന്നത്. പാഴൂര്‍ വായനശാലയില്‍ പതിറ്റാണ്ടുകളായി മുടങ്ങാതെ പത്രം വായിക്കാനെത്തുന്ന ഇവരെ കഴിഞ്ഞ ദിവസം വായനശാല കമ്മിറ്റിയും ഗ്രാമവും ചേര്‍ന്ന് ആദരിച്ചു. കിഴക്കേതൊടിക ആലി(85), തമ്പലങ്ങാട്ട് അബ്ദുല്‍ റഹ്‌മാന്‍(73), കൂടാന്‍കുഴി മൂസ(72), പുലക്കുത്ത് ഉണ്ണിമോയി(72), മൂശാരിക്കണ്ടി രാമന്‍(65), പുത്തന്‍പുരയ്ക്കല്‍ ഉണ്ണിമോയിന്‍(65), ചാലിക്കുഴി ഉമ്മര്‍(73), വടക്കേത്തൊടി ആലിക്കുട്ടി(69) എന്നിവരെയാണ് നാട് ആദരിച്ചത്.
1975ലാണ് ചാത്തമംഗലത്തെ പാഴൂര്‍ പൊതുജന വായനശാല നാട്ടിലെ ഒരു കടമുറിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് മുതല്‍ ഇവിടെ സ്ഥിരം വായനക്കാരാണ് ഈ സുഹൃത്തുക്കള്‍. 2000ത്തില്‍ വായനശാലക്ക് സ്വന്തമായി കെട്ടിടം പണിതപ്പോഴും അവിടെ ഇവരുടെ സജീവ സാനിധ്യം തുടരുകയായിരുന്നു. വായനശാലയില്‍ വരുത്തുന്ന പത്രങ്ങളെല്ലാം പങ്കിട്ടു വായിക്കുന്ന ഇവര്‍ക്ക് സാങ്കേതിക രംഗത്തെ പുത്തന്‍ കടന്നുവരവുകളും ദേശീയ അന്തര്‍ദേശിയ സംഭവവികാസങ്ങളുമെല്ലാം ഹൃദ്യസ്ഥമാണ്. പണ്ട് ചായക്കടയിലെ വരാന്തയിലിരുന്ന് പത്രം വായിക്കുന്നവരെ കളിയാക്കിയിരുന്ന സാമൂഹ്യസാചര്യങ്ങളില്‍ നിന്ന് സ്ഥിരം പത്രം വായനക്കാരായ ഞങ്ങളെ ആദരിക്കുന്ന കാലത്തേക്കുള്ള ദൂരമാണ് ഞങ്ങള്‍ നേടിയ ഏറ്റവും വലിയ ആദരവെന്ന് ഉപഹാരം സ്വീകരിച്ച കിഴക്കേത്തൊടിക ആലി പറഞ്ഞു. പുതിയ തലമുറ വായനയില്‍ നിന്ന് മാറി മറ്റ് പല അനാരോഗ്യകരമായ പ്രവണതകളിലേക്കും പോകുന്നതിന്റെ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. പതിറ്റാണ്ടുകൾ പിന്നിട്ട വായനക്കൂട്ടത്തിന്റെ മാറ്റമില്ലാതെ തുടരുന്ന ഈ ജീവിതചര്യ ഏവര്‍ക്കും മാതൃകാപരമാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
No comments