Breaking News

പാലുല്പാദനത്തിൽ കുതിപ്പിനൊരുങ്ങി പരപ്പ ബ്ലോക്ക്; 'പാലാഴി 'പദ്ധതിയുമായി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്


ദേശീയ  തലത്തിൽ മികച്ച ആസ്പിരേഷണൽ ബ്ലോക്കിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം നേടിയ പരപ്പ ബ്ലോക്കിലെ ക്ഷീരമേഖലയുടെ സമഗ്രവികസനത്തിനായി വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ്. പാലാഴി..  ക്ഷീരമേഖലയിലെ പ്രതിസന്ധികളെ മറികടന്ന് ക്ഷീരകർഷകർക്ക് വരുമാനവും പാലുല്പാദനവും വർധിപ്പിക്കുക എന്നതാണ് പാലാഴി പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഇതിനായി മുപ്പത്തി അഞ്ചു ലക്ഷം രൂപയുടെ നൂതന പദ്ധതി ആണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്നത്.. ഇതിന്റെ ഭാഗമായി ജീവനക്കാർക്കും കർഷകർക്കും ഉള്ള പരിശീലനം തുടങ്ങി.

  മൃഗസംരക്ഷണ വകുപ്പിന് ഒപ്പം ക്ഷീരവികസനവകുപ്പ്, പ്രാദേശിക ക്ഷീരസഹകരണ സംഘങ്ങൾ,

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല, നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കർണാൽ , നബാർഡ്, കേരള ലൈവ്സ്റ്റോക്ക് ബോർഡ് തുടങ്ങിയ വകുപ്പുകളും സ്ഥാപനങ്ങളും  ക്ഷീരമേഖലക്ക് ഉണർവേകാനുള്ള പാലാഴി പദ്ധതിയുമായി സഹകരിക്കും.

സമഗ്രകന്നുകാലി ആരോഗ്യ സർവ്വേ മുതൽ പെൺകിടാക്കൾ മാത്രം പിറക്കും ബീജ മാത്രകൾ വരെപ്രദേശത്തെ പശുക്കളുടെ ആരോഗ്യ സൂചകങ്ങളുടെ സമഗ്ര വിലയിരുത്തൽ,

ഉയർന്ന ജനിതകമൂല്യമുള്ള ബീജമാത്രകൾ പശുക്കളുടെ കൃത്രിമബീജാധാനത്തിനായി ലഭ്യമാക്കൽ, തീറ്റപ്പുല്ലിൻ്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വിവിധ ഘടകങ്ങൾ ഉൾപ്പെടുന്നതാണ് പാലാഴി പദ്ധതി. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കന്നുകാലികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖ തയ്യാറാക്കുകയാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നായി കന്നുകാലികളുടെ പാൽ, രക്തം, ചാണകം തുടങ്ങിയവ ശേഖരിച്ച് നടത്തുന്ന സമഗ്ര ആരോഗ്യസർവേക്ക് തിങ്കളാഴ്ച തുടക്കമാവും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സർവ്വേയിൽ മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബ്ലോക്കിലെ 41 ക്ഷീരസഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് സാംപിളുകൾ ശേഖരിക്കും. ഈ സാംപിളുകളുടെ പരിശോധനയ്ക്കായി പരപ്പയിൽ താൽക്കാലിക ലബോറട്ടറി സംവിധാനവും ഒരുക്കുന്നുണ്ട്. 

സാംപിളുകൾക്കൊപ്പം കർഷകരുടെ സാമൂഹ്യ സാമ്പത്തിക വിവരങ്ങളും സമാഹരിക്കും.

പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ അടുത്തഘട്ടത്തിൽ വിവിധ മേഖലകൾക്ക് അനുയോജ്യമായ കന്നുകാലികളുടെ ധാതുലവണമിശ്രിതം വികസിപ്പിച്ച് കർഷകർക്ക് ലഭ്യമാക്കും. 

രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധം വർദ്ധിപ്പിക്കാനും ഉരുക്കളുടെ ആരോഗ്യനില മെച്ചപ്പെടുത്താനും ഉത്പാദനക്ഷമത വർ ധിപ്പിക്കാനും ഇത് സഹായകരമാകും.


കൃത്രിമ ബീജാധാനം നടത്തി ഗർഭിണിയായ പശുക്കൾക്ക് പിറക്കുന്നത് പെൺകിടാക്കൾ തന്നെയാണെന്ന് ഉറപ്പാക്കുന്ന ലിംഗനിർണയം നടത്തിയ ബീജമാത്രങ്ങൾ ( സെക്സ് സോർട്ടഡ് സെമൻ) പാലാഴി പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് സൗജന്യ നിരക്കിൽ ലഭ്യമാക്കും. ബ്ലോക്കിലെ ഓരോ പഞ്ചായത്തിലും കേരള ലൈവ് സ്റ്റോക്ക് ഡെവല്മെൻ്റ് ബോർഡിൽ നിന്നും 300 ഡോസ് സെക്സ് സോർട്ടഡ് ബീജമാത്രകൾ വീതം ലഭ്യമാക്കും. ഇതിനുമാത്രമായി 10. 5 ലക്ഷം രൂപയാണ് പദ്ധതി യിൽ മാറ്റിവെച്ചിട്ടുള്ളത്. ലിംഗനിർണയ നടത്തിയ ബീജമാത്രകളുടെ കാര്യക്ഷമമായ  വിതരണവും ഉപയോഗവും ഉറപ്പുവരുത്തുന്നതിനായുള്ള സാങ്കേതിക ക്രമീകരണങ്ങൾ മൃഗാശുപത്രികളും വെറ്ററിനറി ഉപകേന്ദ്രങ്ങളും കേന്ദീകരിച്ച് സജ്ജമാക്കും. ക്ഷീരകർഷകർക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള പരിശീലനങ്ങളും പദ്ധതി കാലയളവിൽ ബ്ലോക്കിൽ നടപ്പിലാക്കും. 


ക്ഷീരകർഷകരുടെ പുരയിടത്തിൽ തന്നെ തീറ്റപ്പുൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോ ലെവൽ ഫോഡർപ്ലാനും, ക്ഷീരസഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് തീറ്റപ്പുൽ കൃഷി വ്യാപിപ്പിച്ച് ഫോഡർ ബാങ്കുകൾ രൂപീകരിക്കുന്നതിനായി മാക്രോ ലൈവൽ ഫോഡർ പ്ലാനും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും. ഒരു വർഷം നീളുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ പരപ്പ ബ്ലോക്കിലെ ക്ഷീരമേഖലയെ ശാസ്ത്രീയവും ആധുനികവും ആദായകരവുമായ രീതിയിൽ മെച്ചപ്പെടുത്താനും ക്ഷീരോത്പാദന മേഖലയിൽ മുന്നേറ്റമുണ്ടാക്കാനും കഴിയമെന്നു പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് ജില്ലാ കലക്ടർ  കെ. ഇമ്പശേഖർ ഐഎസ്  പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു മൃഗ സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോക്ടർ. പി. കെ. മനോജ്‌ കുമാർ പദ്ധതി വിശദീകരണം നടത്തി.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മാരായ പ്രസന്ന പ്രസാദ്, ഷീജ. പി.. ടി. കെ. നാരായണൻ, ഗിരിജ മോഹൻ, ജോസഫ് മുത്തോലി ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട്‌. കെ.ഭൂപേഷ് എന്നിവർ സംസാരിച്ചു.നിർവഹണ ഉദ്യോഗസ്ഥൻ  ഡോക്ടർ കാർത്തികേയൻ സ്വാഗതവും ജോയിന്റ് ബി. ഡി. ഒ. ബിജു കുമാർ നന്ദിയും പറഞ്ഞു

No comments