Breaking News

വന്യജീവി ആക്രമണങ്ങൾ പെരുകി വരുമ്പോൾ വനം വകുപ്പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളും പദ്ധതി പ്രഖ്യാപനങ്ങളും നടത്തുന്നു ; വെള്ളരിക്കുണ്ട് കർഷക സ്വരാജ് സത്യാഗ്രഹ സമിതി


വെള്ളരിക്കുണ്ട്  : വന്യജീവി ആക്രമണങ്ങൾ പെരുകി വരുമ്പോൾ വനം വകുപ്പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളും പദ്ധതി പ്രഖ്യാപനങ്ങളും നടത്തുകയാണെന്ന് വെള്ളരിക്കുണ്ടു് കർഷക സ്വരാജ് സത്യാഗ്രഹ സമിതി കുറ്റപ്പെടുത്തി. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് വനം വകുപ്പ് പുറത്തിറക്കിയ കരട് നയസമീപനരേഖയിലെ പല വാദഗതികളും വസ്തുതകൾക്ക് നിരക്കാത്തതാണ്. വന്യജീവികളുടെ എണ്ണം വർദ്ധിച്ചിട്ടില്ല എന്ന നയരേഖയിലെ വാദം തെറ്റാണെന്ന് വനം വകുപ്പ് തന്നെ 2022-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള കേരള ഫോറസ്റ്റ് സ്റ്റാറ്റിറ്റിക്സ് 2021 എന്ന റിപ്പോർട്ടിലെ കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാവും. അതുപോലെ തന്നെ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു എന്ന വാദഗതി സാധൂകരിക്കാൻ പാമ്പുകടിയേറ്റു മരിച്ചവരുടെ എണ്ണത്തിൽ വന്ന കുറവു കൂടി കണക്കിലെടുക്കുന്ന കൗശലമാണ് വനം വകുപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ വന്യജീവി ആക്രമണമരണങ്ങളുടെ കണക്കിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഉൾപ്പെടുത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കേരളത്തിൽ പാമ്പ് ഒഴികെയുള്ള വന്യജീവികളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ കുറവില്ല എന്ന് വനം വകുപ്പിൻ്റെ തന്നെ കണക്കുകളിൽ നിന്ന്  വ്യക്തവുമാണ്.

വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്നതിൻ്റെ കാരണങ്ങളായി കാലാവസ്ഥാമാറ്റത്തെയും വനാതിർത്തിയിലെ കൃഷിയിടങ്ങളിലെ അടിക്കാടിനെയും ഭക്ഷ്യവിളകളെയും ചൂണ്ടികാണിക്കുന്ന വനം വകുപ്പ് കേരളത്തിൻ്റെ ആകെ വനവിസ്തൃതിയിൽ 21 ശതമാനം വനേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിൻ്റെ ഏറിയ പങ്കും വനം വകുപ്പിൻ്റെ തേക്ക് യുക്കാലി തോട്ടങ്ങളാണെന്ന വസ്തുത മൂടി വയ്ക്കുന്നു. യൂക്കാലി ഇനി നടില്ല എന്നു പറയുമ്പോഴും തേക്ക് യൂക്കാലിത്തോട്ടങ്ങൾ എത്ര വർഷത്തിനുള്ളിൽ നീക്കം ചെയ്യുമെന്നോ 600 സ്ക്വയർ കിലോമീറ്ററിലധികം വരുന്ന അധിനിവേശ സസ്യങ്ങളെ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യാനുള്ള സമയബന്ധിത പദ്ധതികളോ പ്രഖ്യാപിക്കുന്നില്ല.

കരടുനയരേഖ ചർച്ച ചെയ്യാനായി തിരുവനന്തപുരത്ത് വച്ച് നടത്തിയ ശില്പശാലയിലേക്ക് അനിശ്ചിതകാല സമരത്തിൻ്റെ പശ്ചാത്തലത്തിലാവാം കർഷകസ്വരാജ് സത്യാഗ്രഹ സമിതിയെ ക്ഷണിച്ചിരുന്നെങ്കിലും രാഷ്ട്രീയ കക്ഷികളുടെ കർഷക സംഘടനകളെയോ മറ്റ് സ്വതന്ത്ര കർഷക സംഘടനകളെയോ ഈ പ്രശ്നം ഏറ്റവും രൂക്ഷമായി അനുഭവി ക്കുന്ന ആദിവാസി സംഘടനകളെയോ ക്ഷണിച്ചിരുന്നില്ല. ശില്പശാലയിൽ പങ്കെടുത്തത് പ്രധാനമായും വനം വകുപ്പുജീവനക്കാരും റിട്ടയർ ചെയ്ത ജീവനക്കാരും ചില എൻ.ജി ഒ കളുടെ പ്രതിനിധികളുമാണ്. ഇതു തന്നെ വനം വകുപ്പിൻ്റെ ഇക്കാര്യത്തിലെ സമീപനം വ്യക്തമാക്കുന്നതാണ്.


വനം വകുപ്പിന് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ആത്മാത്ഥതയുണ്ടെങ്കിൽ കേരളത്തിലെ എല്ലാ കർഷക സംഘടനകളെയും ആദിവാസി സംഘടനകളെയും വിളിച്ചു കൂട്ടി വിശദമായ ചർച്ചകൾക്ക് സന്നദ്ധമാവുകയാണ് ആദ്യം വേണ്ടത്. വനം വകുപ്പിൻ്റെ കരടു നയരേഖയിൽ കർഷകസ്വരാജ് സത്യാഗ്രഹ സമിതി ആവശ്യപ്പെട്ട പലനിർദ്ദേശങ്ങളും ഉൾപ്പെടുതിയിട്ടുണ്ടെങ്കിലും കർഷക- ആദിവാസി ജനതകളെ വിശ്വാസത്തിലെടുക്കാതെയുള്ള നീക്കങ്ങൾ അവരുടെ ഇക്കാര്യത്തിലുള്ള ആത്മാർത്ഥതയിൽ സംശയമുളവാക്കുന്നതാണ്.  പൊതു സമൂഹത്തെയും രാഷ്ട്രീയ നേതൃത്വങ്ങളെയുമെല്ലാം തെറ്റിദ്ധരിപ്പിക്കുന്ന സമീപനമൊഴിവാക്കി യാഥാർത്ഥ്യബോധതോടെ സമിതി മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങൾ ഫലപ്രദമായി നടപ്പിലാക്കപ്പെടുമെന്നുറപ്പാകുന്നതുവരെ കർഷകസ്വരാജ് സത്യാഗ്രഹം തുടരും.


സണ്ണി പൈകട

ചെയർമാൻ

കർഷക സ്വരാജ് സത്യാഗ്രഹ സമിതി, വെള്ളരിക്കുണ്ട്

1/9/2025

No comments