പൊട്ടിയ പല്ലുകൾ സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് അടച്ച വ്യാജ ദന്തഡോക്ടർ പിടിയിൽ, നിരവധി രോഗികൾ ആശങ്കയിൽ
കൈയിലൊതുങ്ങുന്ന ബജറ്റിന് മനോഹരമായ പുഞ്ചിരി സ്വന്തമാക്കാമെന്ന് പരസ്യം ചെയ്ത് രോഗികളെ ആകര്‍ഷിച്ച് വ്യാജ ദന്തഡോക്ടർ യുഎസില്‍ പിടിയില്‍. ഇവര്‍ രോഗികളുടെ പൊട്ടിയ പല്ലുകൾ സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് അടച്ചെന്ന് പരാതികൾ ഉയർന്നു. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നാണ് 35 വയസ്സുള്ള എമിലി മാർട്ടിനെസ് എന്ന വ്യാജ ദന്ത ഡോക്ടര്‍ അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എമിലി മാർട്ടിനെസിന്‍റെ ചികിത്സയ്ക്ക് പിന്നാലെ നിരവധി പേര്‍ക്ക് രോഗം മൂർച്ഛിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എമിലി ഒരു രോഗിയുടെ പൊട്ടിയ പല്ലുകളില്‍ കൃത്രിമ വെനീറുകൾ ഘടിപ്പിക്കാൻ സൂപ്പർ ഗ്ലൂ ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്.
എമിലി സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാണ് തന്‍റെ വ്യാജ ദന്താശുപത്രി ആരംഭിച്ചത്. നിങ്ങളുടെ ബജറ്റിന് താങ്ങാവുന്ന വിലയില്‍ പുഞ്ചിരി സ്വന്തമാക്കൂവെന്ന പരസ്യ വാചകങ്ങളിലൂടെ എമിലി തന്‍റെ ഉപഭോക്താക്കളെ കണ്ടെത്തി. 'വെനീർ ടെക്നീഷ്യൻ' എന്നായിരുന്നു എമിലി സ്വയം പരിചയപ്പെടുത്തിയിരുന്നത്. കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭിക്കുമെന്ന പരസ്യത്തില്‍ വിശ്വസിച്ച രോഗികൾ അവരുടെ യോഗ്യത നോക്കാതെ ചികിത്സയ്ക്കായി ക്ലിനിക്കിലെത്തി. എന്നാല്‍, എമിലിയുടെ ചികിത്സ കഴിഞ്ഞതോടെ രോഗികൾ കൂടുതല്‍ പ്രശ്നത്തിലായി. പല്ലുകളില്‍ നിരന്തരം അണുബാധയും വേദനയും കൂടി. പലര്‍ക്കും മോണകൾ വീര്‍ത്തു. അഹസനീയമായ വേദനകളോടെ പലരും ലൈസന്‍സുള്ള ദന്തഡോക്ടർമാരെ സമീപിച്ചതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെട്ട കാര്യം ഞെട്ടലോടെ തിരിച്ചറിഞ്ഞത്. പല രോഗികളുടെയും വെനീറുകൾ സൂപ്പര്‍ ഗ്ലൂ പോലുള്ള പശകൾ ഉപയോഗിച്ചായിരുന്നു യോജിപ്പിച്ചിരുന്നത് എന്ന കണ്ടെത്തല്‍ ഡോക്ടര്‍മാരെയും രോഗികളെയും ഒരു പോലെ ആശങ്കയിലാക്കി.
No comments