പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ വോട്ടിംഗ് മെഷിനുമായി ജി എച്ച് എസ് എസ് മാലോത്ത് കസ്ബയുടെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
മാലോം : പാർലമെന്റിലേക്കും നിയമസഭകളിലേക്കും നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ രീതിയിൽ കക്ഷിരാഷ്ട്രീയം ഇല്ലാതെ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവവും അറിവും നൽകി മാലോത്ത് കസ്ബ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്. സാധാരണ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബാലറ്റ് ഉപയോഗിക്കുന്ന രീതിയാണെങ്കിൽ കസ്ബ സ്കൂളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് ആണ് തെരഞ്ഞെടുപ്പ് നടത്തിയത്. പോളിങ്ങിനു മുമ്പ് വിദ്യാർത്ഥികൾക്കെല്ലാം വോട്ട് ചെയ്യേണ്ടുന്ന രീതികൾ പറഞ്ഞുകൊടുത്തും മോക്ക് പോളിംഗ് നടത്തിയും ആണ് യഥാർത്ഥ പോളിങ്ങിലേക്ക് കടന്നത്. പോളിംഗ് ബൂത്ത് സജ്ജീകരിച്ച് വിദ്യാർത്ഥികൾ തന്നെ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ചു. വോട്ടർമാർ രജിസ്റ്ററിൽ ഒപ്പുവെച്ച് വിരലിൽ മഷി അടയാളവും സ്വീകരിച്ചാണ് വോട്ടിംഗ് കമ്പാർട്ട്മെന്റിലേക്ക് പോയി വോട്ട് ചെയ്തത്. വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയതിനെ കുറിച്ച് വിദ്യാർത്ഥികളിൽ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായത്. ഹയർ സെക്കന്ററി പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ഡോ.പി നിശാന്ത് ആണ് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തിയതും തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല വഹിച്ചതും. തെരഞ്ഞെടുപ്പിന് ശേഷം വിദ്യാർത്ഥി പ്രതിനിധികൾ രക്ഷാധികാരികളായ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മിനി പോളിന്റെയും, ഹെഡ്മിസ്ട്രസ് ശ്രീമതി ലീജയുടെയും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡോ.പി നിശാന്ത്, മഞ്ജു ജോർജ്, സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് വിവിധ ഭാരവാഹികളെ തെരഞ്ഞെടുത്തു.സ്കൂൾ ചെയർമാനായി മാർട്ടിൻ സെബാസ്റ്റിനും സ്കൂൾ ലീഡറായി ദേവിക അജയനും തെരഞ്ഞെടുക്കപ്പെട്ടു.
No comments