Breaking News

മിനിലോറിയിൽ കൊണ്ടു പോവുകയായിരുന്ന ദ്രവീകൃത പ്രകൃതി വാതക സിലണ്ടറിൽ ചോർച്ച


പാലക്കുന്ന് : മിനിലോറിയിൽ കൊണ്ടുപോവുകയായിരുന്ന ദ്രവീകൃത പ്രകൃതി വാതക സിലണ്ടറിൽ ചോർച്ച. സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ശനി വൈകിട്ട് നാലോടെ ബേക്കൽ ചിറമ്മലിലാണ് സംഭവം. മാവുങ്കാലിലുള്ള അദാനി ഗ്രൂപ്പിന്റെ സിഎൻജി പ്ലാന്റിൽ നിന്നും വാതകം നിറച്ച് കാസർകോടേക്ക് വരികയായിരുന്നു വാഹനം. സമ്മർദം കാരണം ഫില്ലിങ് പൈപ്പിന്റെ വാഷർ പുറത്തേക്ക് തള്ളി രണ്ട് സിലിണ്ടർ ചോരുകയായിരുന്നു. വാഹനത്തിൽ 40 ഓളം സിലിണ്ടർ ഉണ്ടായിരുന്നു. ശക്തമായ ചോർച്ചയുടെ ശബ്ദം ഡ്രൈവർ ഗംഗാധരന്റെ ശ്രദ്ധയിൽ പെടുകയും റോഡിന്റെ അരികിലായി വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യുകയും ചെയ്തു. അന്തരീക്ഷത്തിൽ വെളുത്ത പുക പോലെ വാതകവും പരന്നു. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. ഈ വഴിയുള്ള വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടു. ബേക്കൽ ഇൻസ്പെക്ടർ എം വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കാസർകോട് നിന്ന് സ്റ്റേഷൻ ഓഫീസർ കെ ഹർഷയുടെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി എൻ വേണുഗോപാൽ, വി എം സതീശൻ എന്നിവരുടെയും നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും എത്തി. ചോർച്ചയുണ്ടായിരുന്ന രണ്ട് ഗ്യാസ് ബുള്ളറ്റുകൾ പൂർണമായും തീർന്നിരുന്നു. അതിനാൽ അപകടാവസ്ഥ ഒഴിവായി. വാഹനം പിന്നീട് ബേക്കൽ സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി. പിന്നീട് കാസർകോടേക്ക് തിരിച്ചു.സേനാംഗങ്ങളായ ഈ പ്രസീദ്, കെ ആർ അജേഷ്, വി കെ ഷൈജു, പി സി മുഹമ്മദ് സിറാജുദ്ദീൻ, ജെ എ അഭയ്സെൻ, വി എസ് ഗോകുൽ കൃഷ്ണൻ, അതുൽ രവി, ഫയർ വുമൺ മാരായ ഒ കെ അനുശ്രീ, കെ ശ്രീജിഷ, ഹോം ഗാർഡുംമാരായ എ രാജേന്ദ്രൻ, വി വി ഉണ്ണികൃഷ്ണൻ,എന്നിവർ അഗ്നിരക്ഷാസേന സംഘത്തിലുണ്ടായി.

No comments