വന്യജീവി ശല്യത്തിനെതിരെ വെള്ളരിക്കുണ്ടിൽ അനിശ്ചിത കാല കർഷകസ്വരാജ് സത്യാഗ്രഹത്തിന് തുടക്കം കുറിച്ചു
വെള്ളരിക്കുണ്ട്: വന്യജീവി ശല്യത്തിനെതിരെ വെള്ളരിക്കുണ്ടിൽ അനിശ്ചിത കാല കർഷകസ്വരാജ് സത്യാഗ്രഹത്തിന് വൻ ജനാവലിയുടെ പങ്കാളി തത്തോടെ തുടക്കം കുറിച്ചു. വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിൽ നിന്ന് നൂറുകണക്കിന് കർഷകർ പങ്കെടുത്ത പ്രകടനത്തോടെയാണ് അനിശ്ചിതകാല സത്യാഗ്രഹത്തിൻ്റെ ഉദ്ഘാടന സമ്മേളനമാരംഭിച്ചത്. സമീപ വർഷങ്ങളിൽ വെള്ളരിക്കുണ്ട് മേഖലയിൽ നിന്ന് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ജോയിച്ചൻ കൊച്ചുമറ്റം, ജോസ് മാടത്താനി,വെളുത്തൻ താഴത്തുവീട്ടിൽ കൃഷ്ണൻ . കെ.കെ എന്നിവരുടെ ഛായാചിത്രങ്ങളുമായാണ് പ്രകടനം നടന്നത്. സമരപന്തലിൽ ഛായാചിത്രങ്ങൾ വച്ച് ബന്ധുക്കളും സമര സമിതി നേതാക്കളും പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്. റിട്ട. ഐ.ജി. മധുസൂദനൻ കെ.വി. സമര പതാകയുയർത്തി.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയംഅദ്ധ്യക്ഷത വഹിച്ചു. വന്യജീവികൾ മനുഷ്യവാസകേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കുമിറങ്ങുന്നതിൻ്റെ ഉത്തരവാദി വനം വകുപ്പാണെന്ന് തുടർന്ന് സംസാരിച്ച സി.ആർ നീലകണ്ഠൻ പറഞ്ഞു. വെള്ളരിക്കുണ്ടിലെ കർഷക സമരം പുതിയ ചരിത്രം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ ഓർഡിനേറ്റർ കെ.വി. ബിജു നീണ്ടുനിൽക്കുന്ന പ്രക്ഷോഭങ്ങളിലൂടെയേ കർഷകർക്ക് ഇനി പിടിച്ചു നിൽക്കാനാവു എന്നഭിപ്രായപ്പെട്ടു. അമേരിക്കയുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ ഇന്ത്യ ഒപ്പിടാത്തത് ദൽഹി കർഷക പ്രക്ഷോഭത്തിൽ നിന്ന് സർക്കാർ പാഠം പഠിച്ചതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകസ്വരാജ് സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് അമ്പലത്തറ കുഞ്ഞുകൃഷ്ണൻ, എസ് മോഹൻ,സൂര്യനാരായണ ഭട്ട്, ഡോ. ജോൺസൺ അന്ത്യാകുളം, ടി.പി. തമ്പാൻ, കൂക്കൾ ബാലകൃഷ്ണൻ, കെ.വി. കൃഷ്ണൻ തുടങ്ങി നിരവധി പേർ സംസാരിച്ചു. സണ്ണി പൈകട സ്വാഗതവും ബേബി ചെമ്പരത്തി നന്ദിയും പറഞ്ഞു.എല്ലാ ദിവസവും വൈകിട്ട് നാലു മണി മുതൽ 6 മണി വരെയുള്ള സായാഹ്നസത്യാഗ്രഹമാണ് ആദ്യഘട്ടത്തിൽ നടക്കുക.
No comments