8 ദിവസം മുൻപ് ആന്ത്രോത്ത് ദ്വീപില്‍ നിന്ന് മീൻ പിടിക്കാനിറങ്ങി, നടുക്കടലിൽ കുടുങ്ങി, ഫോൺ ഓഫ് ആയി; രക്ഷയായത് സ്വാബിഹ് ബോട്ട് തൊഴിലാളികള്‍
മലപ്പുറം: ആന്ത്രോത്ത് ദ്വീപില്‍നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട് ആഴക്കടലില്‍ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി. ദ്വീപ് നിവാസികളായ ഇ. റഹ്‌മത്തുല്ല (41), എ. ഷംസുദ്ദീന്‍ (43), കെ.എം. അലിഖാന്‍ (38), പി. അനീഷ് റഹ്‌മാന്‍ (29) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. എട്ട് ദിവസം മുമ്പ് ആന്ത്രോത്ത് ദ്വീപില്‍ നിന്ന് മീന്‍പിടിത്തത്തിന് പുറപ്പെട്ടതായിരുന്നു ഇവര്‍. തോണിയില്‍ ഘടിപ്പിച്ച എന്‍ജിന്‍ തകരാറിലായതിനെതുടര്‍ന്ന് കടലില്‍ ഒറ്റപ്പെട്ടു. ഇവരുടെ ഫോണുകളും പ്രവര്‍ത്തനരഹിതമായതോടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ പറ്റിയില്ല.കടലില്‍ ഏറെ അകലെ തോണിയും തൊഴിലാളികളും ഒഴുകുകയായിരുന്നു. തിങ്കളാഴ്ച രാവിലെ താനൂരില്‍നിന്ന് മത്സ്യബന്ധത്തിന് പുറപ്പെട്ട ഒസാന്‍ കടപ്പുറത്തെ ആലിങ്ങല്‍ സുബൈറിന്റെ സ്വാബിഹ് ബോട്ടിലെ തൊഴിലാളികള്‍ ഇവരെ കണ്ടുമുട്ടുകയായിരുന്നു.
സ്വാബിഹ് ബോട്ടിലെ തൊഴിലാളികള്‍ എല്ലാവരെയും ബോട്ടില്‍ കയറ്റി ഉച്ചക്ക് 3.15ന് തുറമുഖത്ത് എത്തിച്ചു. താനൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. നിലവിൽ എല്ലാവരും സുരക്ഷിതരാണ്. ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. ബോട്ട് ഉടമസ്ഥന്റെ ബന്ധുക്കളുടെ വീടുകളിലേക്കാണ് ഇവരെ മാറ്റിയത്. ഫിഷറീസ് ഉദ്യോഗസ്ഥരായ എ.ഡി. രാജേഷ്, അമീറലി, ഷനീസ്, ബാബു ഒട്ടുംപുറം എന്നിവരും താനൂര്‍ ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.
No comments