Breaking News

മനുഷ്യ – വന്യജീവി സംഘർഷം ഹെൽപ്‌ ഡെസ്‌ക്‌ ഇന്നുമുതൽ പനത്തടി, ഈസ്റ്റ്‌ എളേരി, ബളാൽ പഞ്ചായത്തുകളിൽ ഹെൽപ്‌ ഡെസ്‌കുകൾ പ്രവർത്തിക്കും

കാസർകോട് : മനുഷ്യ - വന്യജീവി സംഘർഷം കുറക്കാനുള്ള തീവ്രയജ്ഞ കർമപദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച മുതൽ ജില്ലയിലെ വനം വകുപ്പ് ഓഫീസുകളിലും മുളിയാർ, കാറഡുക്ക, ദേലംപാടി, പനത്തടി, ഈസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. 30വരെയാണ് ഹെൽപ് ഡെസ്കുകൾ തുടരുക. മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങളും പരാതികളും സ്വീകരിക്കും. പരിഹരിക്കാവുന്നവയ്ക്ക് ഉടൻ തീർപ്പ് കൽപിക്കും. കൂടുതൽ നടപടിക്രമം ആവശ്യമുള്ളവ ജില്ലാ, സംസ്ഥാന തല ഘട്ടങ്ങളിൽ പരിഗണിക്കും. ജില്ലാതല ഹെൽപ്ഡെസ്കുകൾ ഒക്ടോബർ ഒന്നുമതൽ 15 വരെയും സംസ്ഥാനതലം 16 മുതൽ 30വരെയുമാണ്. ഈ മാസം 23, 29 തീയതികളിൽ അതത് പഞ്ചായത്തുകളിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ തയ്യാറാക്കിയ മാർഗരേഖ അവതരിപ്പിക്കും. ഇതിലെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് അന്തിമ മാർഗരേഖ പ്രസിദ്ധീകരിക്കുക. പൊതുജനങ്ങൾ ഹെൽപ്ഡെസ്ക് സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡിഎഫ്ഒ കെ അഷ്റഫ് അഭ്യർഥിച്ചു. സംസ്ഥാനത്ത് 237 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വന്യജീവി - മനുഷ്യ സംഘർഷം അനുഭവപ്പെടുന്നുണ്ട്. ഇതിൽ രൂക്ഷമായ ദുരിതം അനുഭവിക്കുന്ന 30 ഹോട്സ്പോട്ടുകളും ഉൾപ്പെടുന്നു. ജില്ലയിൽ മുളിയാർ, കാറഡുക്ക, ദേലംപാടി, പനത്തടി, ബളാൽ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലാണ് വന്യമൃഗശല്യം രൂക്ഷം. എന്നാൽ ഇവയൊന്നും അതിതീവ്ര സംഘർ ഷം നേരിടുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന ഹോട് സ്പോട്ടുകളില്ല. ജില്ലയിൽ 21 പഞ്ചായത്തുകളിൽ വന്യജീവി ഭീഷണിയുള്ളതായും കരടിൽ പറയുന്നു. മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായാണ് പട്ടിക

തയ്യാറാക്കിയത്. സംഘർഷം ലഘൂകരിക്കുന്നതിന് 45 ദിവസം നീളുന്ന തീവ്രയജ്ഞ പരിപാടിയും തയ്യാറാക്കിയിട്ടുണ്ട്.

No comments