കാസർഗോഡ് ആദൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച വിരോധത്തിൽ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കാസർകോട് : വിവാഹാഭ്യർത്ഥന നിരസിച്ച വിരോധത്തിൽ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആഡൂർ, മണ്ടക്കോലിലെ പ്രതാപ (30)നെയാണ് ആദൂർ എസ് ഐ വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇയാൾ അഡൂരിലെ ബസ് വെയ്റ്റിംഗ് ഷെഡ് പരിസരത്ത് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. 29 കാരി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടയിൽ വഴിയിൽ പതിയിരുന്ന പ്രതി എളുവരെഗുരി എന്ന സ്ഥലത്ത് വച്ച് തടഞ്ഞു നിർത്തി കഴുത്തിനു കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് ആദൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്. തടഞ്ഞതിനാൽ മാത്രമാണ് ജീവാപായം ഇല്ലാതെ പോയത്. യുവതിയുടെ ഭർത്താവുമായുള്ള വിവാഹ മോചന കേസ് നിയമ വഴിയിലാണ്. ഇതിനിടയിൽ ഭർത്താവിന്റെ സുഹൃത്തായ പ്രതാപൻ യുവതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. പിന്നീട് പ്രതാപൻ വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും യുവതി നിരാകരിച്ചുവെന്നും കേസിൽ പറയുന്നു.
No comments