Breaking News

റാപ്പർ വേടനതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു



റാപ്പർ വേടനതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു. തൃക്കാക്കര പോലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി ശരിവെക്കുന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തലുകൾ. പരാതിക്കാരിയുടെയും ചില സാക്ഷികളുടെയും മൊഴിയും വേടനും പരാതിക്കാരിയും തമ്മിൽ നടത്തിയ ചാറ്റുകളുടെ തെളിവുകളും അടക്കം ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. 2021 നും 23നും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കഴിഞ്ഞ ജൂലൈയിലാണ് പരാതിക്കാരി തൃക്കാക്കര പോലീസിനെ സമീപിച്ചത്.കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ഏറനാൾ വേടൻ ഒളിവിൽ കഴിഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയ ശേഷമാണ് പോലീസ് വേടനെ ചോദ്യം ചെയ്തത് . യുവതിയുടെ ആരോപണങ്ങൾ വേടൻ ചോദ്യം ചെയ്യലിൽ നിഷേധിച്ചിരുന്നു.

വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാൽ, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് അന്നത്തെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷൻസ് കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു.

ഇന്നലെ കഞ്ചാവ് കേസിൽ ഹിൽ പാലസ് പൊലീസ് വേടനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം 9 പ്രതികൾ കേസിൽ ഉണ്ടായിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കഞ്ചാവ് കേസിൽ അറസ്റ്റിലായതിന് ശേഷം വേടനെതിരെ പുലിപ്പല്ല് കേസും ഉണ്ടായിരുന്നു.

No comments